ഭുവനേശ്വർ: ബിഎംഡബ്ല്യു കാർ വിൽപനയ്ക്കുവച്ച് വിവാദത്തിൽ അകപ്പെട്ട ഇന്ത്യൻ അത്‌ലറ്റ് ദ്യുതി ചന്ദ് ഒഡീഷ സർക്കാരിനെതിരേ രംഗത്ത്. പരിശീലനത്തിന് പണമില്ലാത്തതിനെ തുടർന്നാണ് ദ്യുതി ബിഎംഡബ്ല്യു വിൽക്കുന്നതെന്ന് വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെ ഒഡീഷ സർക്കാർ 2015 മുതൽ ദ്യുതിക്ക് നൽകിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടുകയും ചെയ്തു. ഏകദേശം നാല് കോടിയോളം രൂപയാണ് ഇന്ത്യൻ അത്‌ലറ്റിന് സർക്കാർ നൽകിയത്. ഇതിന് പിന്നാലെയാണ് ഒഡീഷ സർക്കാരിനെതിരേ ദ്യുതി രംഗത്തെത്തിയത്.

തനിക്ക് ഇതുവരെ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും സർക്കാർ പുറത്തുവിട്ട കണക്കുകൾ കൃത്യമല്ലെന്നും ദ്യുതി പറയുന്നു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയതിന് സമ്മാനമായി തന്ന മൂന്നു കോടി രൂപ പരിശീലനത്തിനുള്ള സഹായമായി കാണരുതെന്നും സമ്മാനം നൽകിയതെല്ലാം വിളിച്ചുപറഞ്ഞ് തന്നെ അപമാനിക്കുന്നത് എന്തിനാണെന്നും ദ്യുതി പറയുന്നു.

'ഇക്കാലമത്രയും എനിക്ക് ഉറച്ച പിന്തുണ നൽകിയ ഒഡീഷ സർക്കാരിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പക്ഷേ എനിക്ക് പരിശീലനത്തിനായി നാല് കോടി രൂപ നൽകി എന്നു പറയുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. ഇതുകേട്ടാൽ ജനങ്ങൾ കരുതുക ഞാൻ ധാരാളം പണം ചെലവാക്കുന്നുണ്ട് എന്നാണ്. 2018-ലെ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡൽ നേടിയപ്പോഴാണ് ഒഡീഷ സർക്കാർ എനിക്ക് മൂന്നു കോടി രൂപ തന്നത്. പി.വി സിന്ധുവിനും മറ്റു മെഡൽ ജേതാക്കൾക്കും അവരുടെ സംസ്ഥാന സർക്കാരുകൾ നൽകിയ സമ്മാനത്തുക പോലെയായിരുന്നു അതും. പരിശീലനത്തിന് നൽകിയ സഹായമായി അതിനെ കാണരുത്.' ദ്യുതി വ്യക്തമാക്കുന്നു.

2018-ൽ ഹോക്കി ലോകകപ്പ് സംഘടിപ്പിക്കാൻ കോടികൾ മുടക്കിയപ്പോൾ പോലും കണക്കുകൾ പുറത്തുവിടാത്ത സർക്കാർ തനിക്കായി ചിലവഴിച്ച പണത്തിന്റെ കണക്കുമാത്രം പുറത്തുവിട്ടതിന്റെ ഉദ്ദേശശുദ്ധിയേയും ദ്യുതി ചോദ്യം ചെയ്യുന്നു. രാജ്യത്തിന് മുന്നിൽ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും ഇന്ത്യൻ അത്‌ലറ്റ് ആരോപിക്കുന്നു.

ഒഡീഷ മൈനിങ് കോർപറേഷനിൽ ഗ്രൂപ്പ് എ ലെവൽ ഓഫീസറായി ദ്യുതിയെ നിയമിച്ചതും തുടർന്ന് മൈനിങ് കോർപറേഷൻ ദ്യുതിക്ക് ഇതിനകം 29 ലക്ഷം പരിശീലനത്തിനും മറ്റുമായി നൽകിയെന്നുമുള്ള സർക്കാരിന്റെ വാദത്തേയും ദ്യുതി ചോദ്യം ചെയ്തു. തന്റെ മാസശമ്പളം ഉൾപ്പെടുത്തിയാണ് ഈ 29 ലക്ഷം സർക്കാർ കണക്കാക്കിയതെന്നും ദ്യുതി പറയുന്നു.

ജോലിക്ക് ഹാജരാകുക പോലും ചെയ്യാതെയാണ് മാസം 84,604 രൂപ വീതം ശമ്പളം വാങ്ങുന്നതെന്ന ഒഡീഷ സർക്കാരിന്റെ പ്രസ്താവനയേയും ദ്യുതി തിരുത്തി. വീട്ടിൽ വെറുതേയിരുന്ന് ശമ്പളം വാങ്ങുന്ന വ്യക്തിയല്ല താനെന്നും രാജ്യത്തിനായി മെഡലുകൾ വാങ്ങി ജോലി നൽകിയ സ്ഥാപനത്തിന്റെ സൽപ്പേരു കാക്കുന്ന താരമാണ് താനെന്നും ദ്യുതി വ്യക്തമാക്കുന്നു. ഓഫീസിലിരുന്ന് പേനയും പേപ്പറും ഉപയോഗിച്ച് ജോലി ചെയ്യുന്നതിന് പകരം ഗ്രൗണ്ടിലും സ്റ്റേഡിയത്തിലുമാണ് താൻ അധ്വാനിക്കുന്നതെന്നും ദ്യുതി പറയുന്നു.

ഒഡീഷയിൽ നിന്നുള്ള എം.പി ആയ അച്യുത സാമന്ത പരിശീലനത്തിന് സഹായം ഉറപ്പുനൽകിയിട്ടുണ്ടെന്നും അതിനാൽ ബിഎംഡബ്ല്യു വിൽക്കുന്നില്ലെന്നും ദ്യുതി വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനും കായിക മന്ത്രി കിരൺ റിജ്ജുവും എല്ലാ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്നും സഹായം വേണ്ട സമയത്ത് താൻ വിളിച്ചോളാമെന്ന് മാന്യമായി അവരെ അറിയിച്ചിട്ടുണ്ടെന്നും ദ്യുതി പറയുന്നു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ എവിടേയും ആഡംബര കാർ വിൽക്കുന്നതെന്ന് പരിശീലനത്തിന് പണമില്ലാത്തതുകൊണ്ടാണെന്ന് പറഞ്ഞിട്ടില്ലെന്നും തന്നെ വിവാദത്തിൽ അകപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ആ പോസ്റ്റിനെ അത്തരത്തിൽ വ്യാഖ്യാനിച്ചതെന്നും ദ്യുതി കൂട്ടിച്ചേർത്തു.

Content Highlights: Dutee Chand, questions Odisha government