ഒഡീഷ: ബിഎംഡബ്ല്യു വിൽപനയ്ക്കുവെച്ച് വിവാദത്തിൽ അകപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ അത്ലറ്റ് ദ്യുതി ചന്ദ് മാനേജർ തപി മിശ്രയുമായി വഴിപിരിഞ്ഞു. ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ദ്യുതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരസ്പര സമ്മതത്തോടെയാണ് പിരിയാൻ തീരുമാനിച്ചതെന്നും ദ്യുതി ട്വീറ്റിൽ പറയുന്നു.

'എന്റെ മാനേജരായ തപി മിശ്രയുമായി പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചു. ജോലിയിൽ വളരെ ദൃഢമായ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. പുതിയ മാനേജരെ കണ്ടെത്തുന്നതുവരെ എന്റെ ഇ-മെയിൽ അഡ്രസിൽ ബന്ധപ്പെടുക,ദ്യുതിചന്ദ്@ജിമെയിൽ.കോം'-ദ്യുതി ട്വിറ്ററിൽ കുറിച്ചു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ ബിഎംഡബ്ല്യു കാർ ഫെയ്സ്ബുക്കിലൂടെ ദ്യുതി വിൽപനയ്ക്കുവെച്ചിരുന്നു. ഇതോടെ പരിശീലനത്തിന് പണമില്ലാത്തതിനാലാണ് ദ്യുതി കാർ വിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ദ്യുതിയുടെ മാതൃസംസ്ഥാനമായ ഒഡീഷയിലെ സർക്കാരിനെതിരേ രൂക്ഷവിമർശനമുയർന്നു.

2005 മുതൽ ഇതുവരെ നാല് കോടി രൂപ ദ്യുതിക്ക് നൽകിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയതോടെ വിവാദം വീണ്ടും കൊഴുത്തു. സമ്മാനമായി തന്ന മൂന്നു കോടി എങ്ങനെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിൽ ഉൾപ്പെടുമെന്ന് ചോദിച്ച ദ്യുതി സംസ്ഥാന സർക്കാർ തന്നെ പരിഹസിച്ചെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

 

Content Highlights: Dutee Chand, disassociates from her manager, BMW Controversy