ഭുവനേശ്വർ: പരിശീലനത്തിന് പണമില്ലാതെ ഇന്ത്യൻ അത്ലറ്റ് ദ്യുതി ചന്ദ് തന്റെ ബിഎംഡബ്ല്യു കാർ വിൽപനയ്ക്കുവെച്ചെന്ന വാർത്ത വിവാദമായിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ബിഎംഡബ്ല്യു കാറിന്റെ ചിത്രം പങ്കുവെച്ച് ദ്യുതി വാങ്ങാൻ താത്‌പര്യമുള്ളവരുണ്ടോ എന്നു അന്വേഷിച്ചത്. ഈ വാർത്ത പുറത്തുവന്നതോടെ പരിശീലനത്തിന് പണമില്ലാഞ്ഞിട്ടല്ല ബിഎംഡബ്ല്യു വിൽക്കുന്നതെന്നും അതു പരിപാലിക്കാനുള്ള ചിലവ് ഭീമമായതുകൊണ്ടാണെന്നും ദ്യുതി വിശദീകരിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം പിന്നാലെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ദ്യുതിക്ക് നൽകിയ സാമ്പത്തിക സഹായങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തി ഒഡീഷ സർക്കാർ രംഗത്തെത്തി. ഒഡീഷയിലെ കായിക മന്ത്രാലയമാണ് ദ്യുതിക്ക് നൽകിയ സഹായങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഇതുപ്രകാരം 2015 മുതൽ ഇതുവരെ ദ്യുതിക്ക് ഒഡീഷ സർക്കാർ നൽകിയത് 4.09 കോടി രൂപയാണ്.

2018-ൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയതിനുള്ള ഉപഹാരമായി മൂന്നു കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. 2015-19 കാലയളവിൽ പരിശീലനത്തിന് സഹായമെന്ന നിലയിൽ 30 ലക്ഷം രൂപ നൽകി. ടോക്കിയോ ഒളിമ്പിക്സിനുള്ള ഒരുക്കത്തിനായി 50 ലക്ഷം രൂപ കൂടി നൽകി. ഈ 50 ലക്ഷം രണ്ടു ഗഡുക്കളായാണ് നൽകിയത്. ആദ്യത്തേത് 2019 ഓഗസ്റ്റ് രണ്ടിനും രണ്ടാമത്തേത് ഡിസംബർ 27-നുമായി നൽകി. ഇതിനെല്ലാം പുറമെ അര ലക്ഷത്തിലധികം രൂപ ശമ്പളത്തിൽ ജോലി നൽകിയ കാര്യവും സംസ്ഥാന കായിക മന്ത്രാലയം പുറത്തുവിട്ട കണക്കിലുണ്ട്.

ഒഡീഷ മൈനിങ് കോർപറേഷനിൽ എ ലെവൽ ഓഫീസറായിട്ടാണ് ദ്യുതിക്ക് നിയമനം നൽകിയത്. നിലവിൽ 84604 രൂപയാണ് ദ്യുതിയുടെ മാസശമ്പളം. ജോലിസംബന്ധമായ ആവശ്യങ്ങൾക്ക് ഓഫീസിൽ വരാതിരുന്നാലും ദ്യുതിക്ക് പ്രശ്നമില്ല. ആ സമയത്ത് പരിശീലനത്തിന് സംസ്ഥാന സർക്കാർ പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്.

ഒഡീഷ മൈനിങ് കോർപറേഷൻ പരിശീലനത്തിനും മറ്റുമായുള്ള സാമ്പത്തിക സഹായമിയ 29 ലക്ഷം രൂപ ദ്യുതിക്ക് ഇതുവരെ നൽകിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയവും പലതവണ സഹായം നൽകിയിട്ടുണ്ടെന്നും ഒഡീഷ സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

Content Highlights: Dutee Chand BMW Car Sale Controversy