കോഴിക്കോട്: നാലു വിദേശ താരങ്ങളും 12 മലയാളികളും അടങ്ങുന്ന ശക്തമായ ടീമുമായി ഗോകുലം കേരള എഫ് സി ഞായറാഴ്ച ആര്‍മി റെഡ് ടീമിനെതിരെ ഡ്യൂറന്‍ഡ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങും. വൈകുന്നേരം മൂന്ന് മണിക്ക് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ്‌സി. 

ഗ്രൂപ്പ് ഡി.യില്‍ ആദ്യ മത്സരത്തില്‍ ആസ്സാം റൈഫിള്‍സിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ആര്‍മി റെഡ് തോല്‍പിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ പോലെ യുവ കളിക്കാര്‍ക്ക് അവസരം നല്‍കുന്ന രീതിയിലാണ് ഗോകുലം ഇത്തവണയും ടീമിനെ തിരഞ്ഞെടുത്തത്. ഗോകുലത്തിന്റെ റിസര്‍വ് ടീമില്‍ നിന്നും മധ്യനിരക്കാരായ റിഷാദ് പി പി, അഭിജിത് കെ എന്നിവരെ സീനിയര്‍ ടീമിലേക്ക് എടുത്തിട്ടുണ്ട്. 12 കേരള താരങ്ങളില്‍ 11 പേരും മലബാറില്‍ നിന്നുള്ളവരാണ്. 

ഐ ലീഗ് വിജയികളായ ടീമില്‍ നിന്നും 11 കളിക്കാരെ നിലനിര്‍ത്തുകയും ചെയ്തു. അഫ്ഗാന്‍ താരവും ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫിന്റെ കരാര്‍ പുതുക്കുകയും, അമിനോ ബൗബാ, ചിസം എല്‍വിസ് ചിക്കത്താറ, റഹീം ഒസുമാനു എന്നീ വിദേശ താരങ്ങളെയും ഗോകുലം ഈ വര്‍ഷം സൈന്‍ ചെയ്തു. 

'ഞങ്ങളുടെ ലക്ഷ്യം ഡ്യൂറന്‍ഡ് കപ്പ് വിജയിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഗോകുലത്തിനു നല്ല ടീമുണ്ട്. കപ്പ് കോഴിക്കോട്ടേക്ക് കൊണ്ടുവരുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും,' ഗോകുലം കേരള എഫ്‌സി ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു. 

ഗോകുലം കേരള എഫ് സി ഡ്യൂറന്‍ഡ് സ്‌ക്വാഡ് 

ഗോള്‍കീപ്പര്‍: രക്ഷിത് ദാഗര്‍, അജ്മല്‍ പിഎ, വിഗ്‌നേശ്വരന്‍ ഭാസ്‌കരന്‍

പ്രതിരോധനിര: അമിനോ ബൗബാ, അലക്‌സ് സജി, പവന്‍ കുമാര്‍, മുഹമ്മദ് ജാസിം, മുഹമ്മദ് ഉവൈസ്, ദീപക് സിംഗ്, അജിന്‍ ടോം, 

മധ്യനിര: എമില്‍ ബെന്നി, മുഹമ്മദ് റഷീദ്, ഷെരീഫ് മുഹമ്മദ്, സോഡിങ്‌ലിയാന, റിഷാദ് പി പി, അഭിജിത് കെ, ചാള്‍സ് ആനന്ദരാജ് 

മുന്നേറ്റനിര: ചിസം എല്‍വിസ് ചിക്കത്താറ,  റഹീം ഒസുമാനു, ജിതിന്‍ എം എസ്, റൊണാള്‍ഡ് സിംഗ്, സൗരവ്, ബെന്നസ്റ്റാന്‍, താഹിര്‍ സമാന്‍.

content highlights: Durand Cup, Gokulam Kerala FC face Army Red Football Club in first match