ന്യൂഡല്‍ഹി: ദ്രോണാചാര്യ പുരസ്‌കാര ജേതാവും ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്ന ജോഗീന്ദര്‍ സിങ്ങ് സെയ്‌നി അന്തരിച്ചു. 90 വയസ്സായിരുന്നു. അമ്പത് വര്‍ഷത്തോളം നീണ്ടു നിന്ന കോച്ചിങ് കരിയറില്‍ ഇന്ത്യക്ക് അഭിമാനമായ നിരവധി അത്‌ലറ്റുകളെയാണ് സെയ്‌നി വാര്‍ത്തെടുത്തത്. 

1954-ലാണ് സെയ്‌നി അത്‌ലറ്റിക്‌സ് പരിശീലകനായി കരിയര്‍ തുടങ്ങിയത്. 1961 മുതല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലെ അധ്യാപകനായിരുന്നു. 1970-ല്‍ അത്‌ലറ്റിക്‌സ് ഫെഡറഷേന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തു.

2004 വരെ സെയ്‌നി പരിശീലകനായി തുടര്‍ന്നു. പിന്നീട് ഉപദേശകന്റെ റോളില്‍ അത്‌ലറ്റിക്‌സ് ടീമിനൊപ്പമുണ്ടായിരുന്നു. ഗുര്‍ബചന്‍ സിങ് രണ്‍ധാവയടക്കമുള്ള താരങ്ങളുടെ പരിശീലകനായിരുന്നു സെയ്‌നി. ദേശീയ ക്യാമ്പിലും ദേശീയ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി നിരവധി അത്‌ലറ്റുകള്‍ക്ക് പരിശീലനം നല്‍കി. 1997-98ല്‍ രാജ്യം ദ്രോണാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചു. 

Content Highlights: Dronacharya awardee Joginder Singh Saini veteran of Indian athletics passed away