കോവിഡ് മഹാമാരിയൊഴിഞ്ഞ് കേരളത്തിലെ അത്‌ലറ്റിക് ട്രാക്കുകള്‍  ഉണരുമ്പോള്‍ വെള്ള വസ്ത്രധാരിയായ ആ താടിക്കാരന്‍ ഉണ്ടാകില്ല. ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹം സ്‌പോര്‍ട്‌സ് ഡോക്ടര്‍ ആണ്. അദ്ദേഹത്തിന്റെ ചികിത്സയിലൂടെ കളിക്കളത്തില്‍ മടങ്ങിയെത്തിയവര്‍ എത്രയോയുണ്ട്. അവരും അറിയണമെന്നില്ല ഡോ. ജോസ് സഖറിയാസ് സംസ്ഥാന അത്‌ലറ്റിക് ടീം മുന്‍ നായകനായിരുന്നു എന്ന്.

സ്വന്തം കാറില്‍, സ്വന്തം ചെലവില്‍ കേരളത്തിലെ അത്‌ലറ്റിക് മീറ്റുകളില്‍, പ്രത്യേകിച്ച് സ്‌കൂള്‍ കായികമേളകളില്‍ വൈദ്യ സഹായവുമായെത്തുന്ന ഡോ. ജോസ്  ഇനി ഓര്‍മ.

1968-ല്‍ കാലിക്കറ്റ് സര്‍വകലാശാല ആദ്യമായി അത്‌ലറ്റിക് ടീം രൂപീകരിച്ചപ്പോള്‍ നായകനായിരുന്നു. ദേവഗിരി കോളജ്  വിദ്യാര്‍ഥിയായിരിക്കെ 1967-ല്‍ ജോസ് സഖറിയാസ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്ഥാപിച്ച കേരള സര്‍വകലാശാലാ റെക്കോര്‍ഡ് (53.2 സെ.മീ) 18 വര്‍ഷം തകരാതെ നിന്നു. 1976-ല്‍ പാലായില്‍ ദേശീയ അത്‌ലറ്റിക്‌സ് നടന്നപ്പോള്‍ ആതിഥേയരുടെ നായകന്‍ അന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന ജോസ് ആയിരുന്നു. പാലാ മുത്തോലി മന്നനാകുന്നേല്‍ ജോസ് അങ്ങനെ നാട്ടുകാരുടെ മുന്നില്‍ സംസ്ഥാനത്തെ നയിച്ചു. 4x400 മീറ്ററില്‍ വെങ്കലം നേടിയ കേരള റിലേ ടീമില്‍ അംഗമായിരുന്നു.

1967-ല്‍ സീനിയര്‍ ബോയ്‌സ് 300 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ വെള്ളി നേടിയ ജോസ് ജബല്‍പുരില്‍ അഖിലേന്ത്യാ വാഴ്‌സിറ്റി മീറ്റില്‍ ഏറ്റവും സാങ്കേതിക തികവുള്ള ഹര്‍ഡ്‌ലര്‍ ആയി വിശേഷിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ലോക സര്‍വകലാശാലാ മീറ്റിലും പങ്കെടുത്തു.

ട്രാക്ക് വിട്ട് വരാപ്പുഴയില്‍ മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ ഡോ. ജോസ് 1987-ലാണ് കായിക താരങ്ങളുടെ പരുക്ക് ചികിത്സിച്ചു തുടങ്ങിയത്. 1993-ല്‍ സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ ഡോക്ടര്‍ ആയിരുന്നു. പി.എം.എഫ്, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ എന്നിവയും ഫിസിയോതെറാപ്പിയും സംയോജിപ്പിച്ചായിരുന്നു ചികിത്സ. എത്രയോ കായിക താരങ്ങള്‍ക്കുണ്ടായ പേശി സംബന്ധമായ പരുക്ക് അദ്ദേഹം ചികിത്സിച്ചു ഭേദമാക്കി. ഡോ. ജോസിന്റെ മക്കള്‍ രണ്ടു പേരും എന്‍ജിനീയര്‍മാരാണ്. 72 വയസില്‍ അദ്ദേഹം യാത്രയായപ്പോള്‍ സ്‌പോര്‍ട്‌സ് മെഡിസിനില്‍ 33 വര്‍ഷം നടത്തിയ ഗവേഷണങ്ങള്‍ അന്യമാകുന്നു.

Content Highlights: Dr.Jose Zacharias who Dedicated his life for track as a star and doctor no more