ലാസ് വെഗാസ്: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണക്കേസില്‍ പുതിയ നീക്കവുമായി ലാസ് വെഗാസ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി താരത്തോട് ഡി.എന്‍.എ സാമ്പിളുകള്‍ നല്‍കാന്‍ ലാസ് വെഗാസ് പോലീസ് ആവശ്യപ്പെട്ടു. റൊണാള്‍ഡോയ്ക്കെതിരായ കേസില്‍ ലാസ് വെഗാസ് പോലീസ് പുനരന്വേഷണം ആരംഭിച്ചിരുന്നു.

റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കക്കാരിയായ കാതറിന്‍ മയോര്‍ഗയെന്ന അധ്യാപിക രംഗത്തെത്തിയത്. 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ 375000 ഡോളര്‍ നല്‍കിയെന്നും മുപ്പത്തിനാലുകാരിയായ യുവതി വെളിപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ കാതറിന്‍ മയോര്‍ഗയുടെ അഭിഭാഷകന്‍ അറ്റോര്‍ണി ലെസ്ലി മാര്‍ക്ക് സ്റ്റൊവാള്‍, ക്ലാര്‍ക്ക് കണ്‍ട്രി ജില്ലാ കോടതിയില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഡി.എന്‍.എ സാമ്പിളുകള്‍ നല്‍കാന്‍  പറഞ്ഞത് പോലീസിന്റെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ പറഞ്ഞു. 

റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ വിട്ട് റയലിലേക്ക് മാറുന്ന സമയത്തായിരുന്നു സംഭവം നടക്കുന്നത്. ലാസ് വെഗാസില്‍ ബന്ധുക്കള്‍ക്കൊപ്പം അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു റൊണാള്‍ഡോ. അന്ന് 25-കാരിയിയിരുന്ന മയോര്‍ഗ റെയ്ന്‍ എന്ന നിശാക്ലബ്ബില്‍ ജോലി ചെയ്യുകയായിരുന്നു.

നിശാക്ലബ്ബില്‍ റൊണാള്‍ഡോയും യുവതിയും ഒന്നിച്ചുള്ള ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. യുവതിയെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കാതറിന്റെ പരാതിയില്‍ പറയുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞപ്പോള്‍ യുവതി അതിന് തയ്യാറായി. എന്നാല്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ യുവതി എതിര്‍ത്തു. ഈ സമയം തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതിനൊടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചെന്നും താനൊരു മാന്യനാണെന്നു പറഞ്ഞെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlights: Cristiano Ronaldo rape case, Las Vegas police