കൊച്ചി: സ്റ്റേഡിയം അധികൃതരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് നടക്കേണ്ട ഇന്ത്യ-വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). 

സ്റ്റേഡിയത്തിന് വാടകയ്ക്ക് പുറമേ കോര്‍പറേറ്റ് ബോക്‌സ് ടിക്കറ്റുകളുടെയും സ്റ്റേഡിയത്തിന് പുറത്തെ പരസ്യത്തിന്റെയും അവകാശം തങ്ങള്‍ക്ക് വേണമെന്ന കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ ആവശ്യമാണ് മത്സരം ത്രിശങ്കുവിലാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കെ.സി.എയ്ക്ക് അനുവദിച്ച മത്സരത്തില്‍ സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് അന്യായമാണെന്നും ഒരു കാരണവശാലും ഇതംഗീകരിക്കാനാവില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിനു ശേഷം കെ.സി.എ സെക്രട്ടറി ശ്രീജിത്ത്.വി.നായര്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ടിക്കറ്റ് വരുമാനത്തിന്റെ ഒരു വിഹിതം അവര്‍ക്ക് അവകാശപ്പെട്ടതാണ്. അതിന് കരാറുമുണ്ട്. എന്നാല്‍, കരാറിലില്ലാത്ത കാര്യങ്ങള്‍ അവരുടേതാണെന്ന് പറയുന്നത് എങ്ങനെയാണ്. കഴിഞ്ഞ മത്സരം നടത്തിയ അതേ രീതിയിലേ ഈ മത്സരവും നടത്താനാകൂ. നമ്മള്‍ നടത്തുന്ന കളിയില്‍ സ്റ്റേഡിയത്തിന്റെ കോര്‍പറേറ്റ് ബോക്‌സിന് വേറെ പണം നല്‍കണമെന്ന് പറയുന്നത് ശരിയല്ല. സ്റ്റേഡിയത്തിന്റെ അകത്തെയും പുറത്തെയും പരസ്യവരുമാനവും കെ.സി.എയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അതൊരു കാരണവശാലും വിട്ടുകൊടുക്കരുതെന്നാണ് ജനറല്‍ ബോഡിയുടെ തീരുമാനം'-കെ.സി.എ സെക്രട്ടറി വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് പുതിയ ആവശ്യങ്ങള്‍ കെ.സി.എയെ അറിയിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കെ.സി.എ മറുപടിയും നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ഹബ്ബുമായി തുടര്‍ചര്‍ച്ചകള്‍ക്കായി 
അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കെ.സി.എ അറിയിച്ചു. അതേസമയം, കെ.സി.എയുടെ നിലപാട് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്ന മറുപടിയാണ് ഇതുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നിന്ന് ലഭിച്ചത്.

കൊച്ചി വിട്ടുകൊടുത്തു, സ്വന്തമായി സ്റ്റേഡിയം നിര്‍മിക്കും: കെ.സി.എ സെക്രട്ടറി

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അധികൃതരുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കെ.സി.എ സ്വന്തമായി സ്റ്റേഡിയം നിര്‍മിക്കുമെന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത്.വി.നായര്‍. കെ.സി.എയ്ക്ക് സ്വന്തമായി സ്റ്റേഡിയം ഇല്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സ്റ്റേഡിയം നിര്‍മിക്കണമെന്ന ആവശ്യവുമായി മന്ത്രിയെ സമീപിക്കുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കൊച്ചി സ്റ്റേഡിയവുമായി കെ.സി.എയ്ക്ക് ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ഉള്‍പ്പെടെ നിര്‍ത്തി. ഇപ്പോള്‍ സ്റ്റേഡിയം സംരക്ഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സാണ്. അതുകൊണ്ടുതന്നെ മത്സരം കൊച്ചിയില്‍ നടത്തുന്നത് സംബന്ധിച്ച ചോദ്യമേ ഉദിക്കുന്നില്ല. തിരുവനന്തപുരത്ത് നടത്താനായില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കും. സ്റ്റേഡിയമില്ലെങ്കില്‍ ബി.സി.സി.ഐ കേരളത്തിന് മത്സരം തരാത്ത അവസ്ഥ വരും. അതിനാല്‍ കെ.സി.എ സ്വന്തമായി സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ശ്രീജിത്ത്.വി.നായര്‍ പറഞ്ഞു.

തിരുവനന്തപുരം സ്റ്റേഡിയത്തില്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജമായിട്ടില്ലെന്നും ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനായി മാത്രം സ്റ്റേഡിയത്തില്‍ കെ.സി.എ മൂന്നു കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തുക മത്സരങ്ങളുടെ ടിക്കറ്റ് വരുമാനത്തില്‍ നിന്നും മറ്റും പലപ്പോഴായി ഈടാക്കാനാണ് ധാരണയെന്നും കെ.സി.എ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Content Highlights: Dispute with stadium authorities may quit India vs West Indies match kca