Image Courtesy: Twitter
ലണ്ടന്‍: കൈതച്ചക്കയിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും മൃഗസ്നേഹിയുമായ കെവിന് പീറ്റേഴ്സണ്.
ചരിഞ്ഞ ആനയുടെ ചിത്രങ്ങള്‍ തനിക്ക് ഇന്ത്യയില്‍ നിന്ന് നിരവധിപേര്‍ അയച്ചുതന്നിരുന്നുവെന്നും കൊടും ക്രൂരതയാണിതെന്നും പീറ്റേഴ്സണ് ഇന്സസ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. ചരിഞ്ഞ ആനയെ കരയ്ക്കു കയറ്റി കിടത്തിയിരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു പീറ്റേഴ്സന്റെ പോസ്റ്റ്. ഗര്‍ഭിണിയായ ആനയോട് എന്തിനിത് ചെയ്തുവെന്നും ആരെങ്കിലും ഇങ്ങനെ പ്രവര്‍ത്തിക്കുമോ എന്നും പീറ്റേഴ്സണ് ചോദിക്കുന്നു.

സംഭവത്തില്‍ കേസെടുത്ത കേരള വനംവകുപ്പ് സംഘം രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, താരങ്ങളായ യൂസ്വേന്ദ്ര ചാഹല്‍, കെ.എല്‍ രാഹുല്‍, അജിങ്ക്യ രഹാനെ, യുവ്രാജ് സിങ്, യൂസഫ് പത്താന് എന്നിവരും ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ തുടങ്ങിയവരും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറില്‍ 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27-നാണ് ചരിഞ്ഞത്. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ്വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.
മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ആനയെ പുറത്തേക്കുകൊണ്ടുവന്ന് ചികിത്സ നല്കാന് രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നെങ്കിലും ബുധനാഴ്ച വൈകീട്ട് നാലോടെ വെള്ളത്തില്‍ നില്‍ക്കുന്നതിനിടെ ആന ചരിയുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് ആന ഗര്‍ഭിണിയായിരുന്നുവെന്ന് അറിഞ്ഞത്. ദിവസങ്ങളോളം വെള്ളത്തില്‍ തലതാഴ്ത്തി നിന്നതിനെത്തുടര്‍ന്ന് ശ്വാസകോശത്തില്‍ വെള്ളം കയറിയായിരുന്നു ആനയുടെ അന്ത്യം. സംഭവത്തെത്തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.
Content Highlights: Disgusted with images Kevin Pietersen condemn killing of pregnant kerala elephant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..