തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര കായിക പുരസ്‌കാരം കടന്നുചെല്ലുന്നത് ട്രാക്കിനെ പ്രണയിച്ച ദമ്പതിമാരുടെ വീട്ടിലേക്ക്. ഇത്തവണത്തെ ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിക്കുമ്പോള്‍ ജിന്‍സി ഫിലിപ്പിനും ഭര്‍ത്താവ് പി. രാമചന്ദ്രനും അഭിമാനമേറെ. 1990-കളില്‍ 400 മീറ്ററിലെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ജിന്‍സി ഫിലിപ്പും രാമചന്ദ്രനും ഏഷ്യന്‍ ഗെയിംസ് മെഡലുള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ ഏറെ നേട്ടങ്ങളുണ്ടാക്കി. ട്രാക്കില്‍നിന്ന് വിരമിച്ച ശേഷവും ജിന്‍സി കായികരംഗത്ത് സജീവം. സി.ആര്‍.പി.എഫില്‍ ഡെപ്യൂട്ടി കമാന്‍ഡന്റായ ജിന്‍സി ഇപ്പോള്‍ തിരുവനന്തപുരം സായിയില്‍ പരിശീലകയാണ്.
കോട്ടയം കോരുത്തോട് സ്വദേശിയായ ജിന്‍സി ഫിലിപ്പ് സ്‌കൂള്‍ കായികമേളയിലൂടെയാണ് മികവ് തെളിയിച്ചത്. പിന്നീട് 400 മീറ്ററില്‍ ഇന്ത്യയുടെ മികച്ച താരങ്ങളിലൊരാളായി. 2002-ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസിലും 2000-ലെ ജക്കാര്‍ത്താ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും 98-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടി. 99-ലെ നേപ്പാള്‍ സാഫ് ഗെയിംസില്‍ സ്വര്‍ണം നേടി. 1999-ലെ ലോക പോലീസ് മീറ്റില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടി. 1999-ലെ സ്‌പെയിന്‍ ലോകചാമ്പ്യന്‍ഷിപ്പിലും 2000-ലെ സിഡ്നി ഒളിമ്പിക്‌സിലും പങ്കെടുത്തു.
1998, 2002 ഏഷ്യന്‍ ഗെയിംസുകളില്‍ രാമചന്ദ്രനും 400 മീറ്ററില്‍ വെള്ളി നേടിയിരുന്നു. 2000-ലെ സിഡ്നി ഒളിമ്പിക്‌സിലും പങ്കെടുത്തു. ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലും മെഡല്‍ നേടി. തൃശ്ശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ ഇപ്പോള്‍ തിരുവനന്തപുരം കസ്റ്റംസില്‍ ജോലി ചെയ്യുന്നു. 2003-ലായിരുന്നു വിവാഹം. മക്കളായ അഭിഷേക്, അതുല്യ, ജിന്‍സിയുടെ സഹോദരിയുടെ മകന്‍ ഏബല്‍ എന്നിവരോടൊപ്പം ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.
ഏറെ സന്തോഷം
''കായികരംഗത്ത് നില്‍ക്കുന്നവര്‍ക്ക് പ്രിയപ്പെട്ട പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. മത്സരത്തില്‍ പങ്കെടുത്തിരുന്ന കാലത്ത് അര്‍ജുന അവാര്‍ഡ് കിട്ടാനുള്ള അവസരമുണ്ടായിരുന്നില്ല. ഇപ്പോള്‍ പരിശീലനരംഗത്ത് നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം'' - ജിന്‍സി പറഞ്ഞു.
Content Highlights: Dhyan Chand award for Keralite Jincy Philip
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..