-
റാഞ്ചി: കോവിഡ്-19 മഹാമാരിയെ തുടർന്ന് രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് താരങ്ങളെല്ലാം കളിക്കളങ്ങളിൽ നിന്ന് സോഷ്യൽ മീഡിയയിലേക്ക് ചുവട് മാറിയിരുന്നു. ഗ്രൗണ്ടുകൾ നിശ്ചലമായതോടെ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലൂടേയും ടിക് ടോക് വീഡിയോയിലൂടെയുമെല്ലാമാണ് താരങ്ങൾ ഒഴിവുസമയങ്ങൾ ചെലവഴിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ് ധോനിയെ മാത്രം സോഷ്യൽ മീഡിയയിൽ എവിടേയും കണ്ടില്ല. തന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ധോനി: ദി അൺടോൾഡ് സ്റ്റോറിയിലെ നായകൻ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തപ്പോഴും ധോനിയിൽ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
ഇതിൽ നിന്നെല്ലാം അകന്ന് ധോനി റാഞ്ചിയിലെ ഫാം ഹൗസിൽ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലായിരുന്നു. ഭാര്യ സാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ മാത്രം ആരാധകർ ധോനിയെ കണ്ടു. മകൾ സിവയ്ക്കൊപ്പം ഫാം ഹൗസിലൂടെ ബൈക്ക് ഓടിക്കുന്നതും തളർന്നുവീണ പക്ഷിയെ രക്ഷിക്കുന്നതും സ്വന്തം കൃഷിയിടത്തിൽ ട്രാക്ടർ ഓടിക്കുന്നതുമെല്ലാം നമ്മൾ സാക്ഷിയുടെ വീഡിയോയിലൂടെ കണ്ടു. കൃഷിയോടുള്ള താത്പര്യം കൊണ്ടാണ് ധോനി ട്രാക്ടർ ഡ്രൈവറായത്. കൊറോണ പ്രതിസന്ധി തീരുന്നതുവരെ ധോനി പരസ്യങ്ങളിൽ അഭിനയിക്കുന്നില്ലെന്നും ജൈവ കർഷകനായി മാറിയെന്നും അദ്ദേഹത്തിന്റെ മാനേജരും ബാല്യകാല സുഹൃത്തുമായ മിഹിർ ദിവാകർ പറയുന്നു. വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു മിഹിർ.
'രാജ്യസ്നേഹം ധോനിയുടെ രക്തത്തിലുള്ളതാണ്. അതിപ്പോൾ സൈനികനായി രാജ്യത്തെ സേവിക്കുന്ന കാര്യമായാലും കൃഷിയായാലും അങ്ങനെയാണ്. കൃഷി ചെയ്യാൻ ധോനിക്ക് ഭയങ്കര താത്പര്യമാണ്. സ്വന്തമായി അമ്പതോളം ഏക്കർ കൃഷി ഭൂമിയുണ്ട് ധോനിക്ക്. രാജ്യം ലോക്ക്ഡൗണിലായ സമയത്ത് ആ കൃഷിയിടത്തിൽ പപ്പായ, നേന്ത്രപ്പഴം എന്നിവയെല്ലാം കൃഷി ചെയ്യുന്ന തിരക്കിലായിരുന്നു ധോനി', മിഹിർ ദിവാകർ വ്യക്തമാക്കുന്നു.
ധോനിയുടെ സ്വന്തം ബ്രാൻഡിലുള്ള ജൈവവളം അടുത്തുതന്നെ പുറത്തിറങ്ങും. വിദഗ്ധരുടേയും ശാസ്ത്രഞ്ജരുടേയും സഹായത്തോടെയാണ് ജൈവവളം നിർമിച്ചത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വിപണിയിലെത്തിക്കാനാണ് ശ്രമം. ധോനി ഇപ്പോൾ പരസ്യങ്ങളിലൊന്നും അഭിനയിക്കുന്നില്ല. രാജ്യം സാധാരണനില കൈവരിക്കുന്നതുവരെ പരസ്യങ്ങൾ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം, മിഹിർ വ്യക്തമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..