Image Courtesy: Twitter
ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പ് നായകന്‍ എം.എസ് ധോനിയെ അഭ്രപാളിയില്‍ അനായാസമായി അവതരിപ്പിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ (34) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് എല്ലാവരും.
ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ധോനിയെ അതേപോലെ സ്‌ക്രീനിലേക്ക് പകര്‍ത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ സ്‌ക്രീനിലെ തന്നെ കണ്ട് ധോനി പോലും ഞെട്ടിയിരുന്നു. ധോനിയുടെ നടത്തം, ക്രീസിലെ മാനറിസങ്ങള്‍, ബാറ്റിങ് ശൈലി, മുഖത്തെ വിവിധ ഭാവങ്ങള്‍, ഓട്ടം തുടങ്ങി അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ ഹെലിക്കോപ്റ്റര്‍ ഷോട്ട് പോലും സുശാന്ത് അതേപടി സ്‌ക്രീനിലേക്ക് പകര്‍ത്തി.
ധോനിയാകാനായി നടത്തിയ കഷ്ടപ്പാടുകളുടെ പ്രതിഫലമാണ് നല്ല വാക്കുകളായി താരത്തെ തേടിയെത്തിയിരുന്നത്.
ഒരിക്കല്‍ സുശാന്തിന്റെ കളികണ്ട ധോനി, അദ്ദേഹം രഞ്ജി ട്രോഫി കളിക്കാന്‍ യോഗ്യനാണെന്ന് പോലും പറഞ്ഞിരുന്നു. ''ഒരിക്കല്‍ ഞാന്‍ കളിക്കുന്നത് കണ്ട് ധോനി പറഞ്ഞു നിനക്ക് ഈസിയായി രഞ്ജി കളിക്കാം'', 'എം.എസ് ധോനി; ദ അണ്‍ടോള്‍ഡ് സ്റ്റോറി' ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ അവസാന ചിത്രമായ ചിച്ചോരെയുടെ പ്രമോഷനിടയില്‍ സുശാന്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അത്രയ്ക്ക് കഠിനമായ പരിശീലനത്തിന് ശേഷമാണ് സുശാന്ത്, ധോനിയായി സ്‌ക്രീനില്‍ നിറഞ്ഞാടിയത്. ധോനിയാകാന്‍ വേണ്ടി സുശാന്തിനെ പരിശീലിപ്പിച്ചത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയായിരുന്നു. ചിത്രത്തിനായി ഒമ്പത് മാസത്തോളമാണ് മോറെയ്ക്ക് കീഴില്‍ സുശാന്ത് വിക്കറ്റ് കീപ്പിങ് അടക്കം പരിശീലിച്ചത്. സ്‌ക്രീനില്‍ ആ കഥാപാത്രത്തിന്റെ പൂര്‍ണത സാക്ഷാല്‍ ധോനിയെ പോലും അതിശയിപ്പിച്ചിട്ടുണ്ട്. ദിവസവും അഞ്ചു മുതല്‍ ആറു മണിക്കൂര്‍ നേരമാണ് സുശാന്ത് പരിശീലിച്ചിരുന്നത്.
ഞായറാഴ്ചയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Content Highlights: Dhoni after watching Sushant playing said he can easily play Ranji Trophy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..