രാഹുൽഗാന്ധി എം.പി.യുടെ സമ്മാനം ഇദിൻ അലിക്ക് എ.പി. അനിൽകുമാർ എം.എൽ.എ. കൈമാറിയപ്പോൾ | Photo: mathrubhumi
'ഇദിന് ആരാകാനാ ആഗ്രഹം?
'ഫുട്ബോള്‍ താരം'
ഇഷ്ട പൊസിഷനോ?
'ഗോളി'
ഇഷ്ടതാരം?
'അത് നെയ്മര്‍'
നെയ്മര്‍ കളിയില്‍ പരിക്ക് അഭിനയിക്കുകയാണെന്ന് ആക്ഷേപമുണ്ടല്ലോ?
'അതൊക്കെ ആളുകള്‍ ചുമ്മാ കളവ് പറയുന്നതാ'
രാഹുല്‍ഗാന്ധി എം.പി.യുടെ മലപ്പുറം സന്ദര്‍ശനത്തിനിടെ പട്ടര്‍ക്കടവ് സ്വദേശിയായ അഞ്ചാം ക്ലാസുകാരന് ഇദിന് അദ്ദേഹവുമായി നടത്തിയ സംഭാഷണമാണിത്. ഇദിന്റെ 'സ്മാര്‍ട്ട് ' മറുപടികള്‍ ഇഷ്ടമായ രാഹുല്‍ ഇക്കാര്യം കൂടെയുണ്ടായിരുന്നവരോട് അപ്പോള്‍ത്തന്നെ പറയുകയുംചെയ്തു. കൂടെ ഒരു സമ്മാനം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇക്കാര്യം ഇദിനെ അറിയിക്കുകയുംചെയ്തു. ഇതോടെ കാത്തിരിപ്പായി. അങ്ങനെ പെരുന്നാള്‍ സമ്മാനമായി ശനിയാഴ്ച ഗോള്‍കീപ്പര്‍ ഗ്ലൗസും അഭിനന്ദന സന്ദേശവുമെത്തി. എ.പി. അനില്‍കുമാര്‍ എം.എല്‍.എ. വീട്ടിലെത്തി സമ്മാനം ഇദിന് കൈമാറി.
രാഹുല്‍ഗാന്ധിയുടെ സമ്മാനമെത്തിയതോടെ പെരുന്നാള്സന്തോഷം ഇരട്ടിയായതിന്റെ ആവേശത്തിലാണ് ഇദിന്. മലപ്പുറത്തിന്റെ ഫുട്ബോള്‍ സംസ്കാരം ആഘോഷിക്കപ്പെടേണ്ടതാണെന്ന് സന്ദേശത്തില്‍ രാഹുല്‍ പറഞ്ഞു.
സന്ദര്‍ശനത്തിനിടെ നൂറുകണക്കിന് യുവ ഫുട്ബോള്‍ താരങ്ങളെ കാണാന്‍ സാധിച്ചു. ഗോള്‍ കീപ്പറാകാനുള്ള ഇദിന്റെ ആഗ്രഹം സഫലമാകട്ടെയെന്നും രാഹുല്‍ ആശംസിച്ചു. കഴിഞ്ഞ ഞായറാഴ്ച മമ്പാട് രാഹുല്‍ താമസിച്ച ഹോട്ടലിലെത്തിയാണ് അമ്മയോടൊപ്പം ഇദിന് സന്ദര്‍ശനം നടത്തിയത്. കണ്ടപ്പോള്‍ത്തന്നെ രാഹുല്‍ കെട്ടിപ്പിടിച്ച് ചോക്ലേറ്റ് നല്കി. പിന്നീടാണ് ഇരുവരും സംസാരിച്ചത്. രാഹുല്‍ഗാന്ധിയോട് ആരാകാനാണ് ആഗ്രഹമെന്നും ഇദിന് ചോദിച്ചു. പുഞ്ചിരിയായിരുന്നു മറുപടി.
മുന്‍ മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ അഡ്വ. റിന്‍ഷാ റഫീഖിന്റെയും അഡ്വ. മുഹമ്മദ് റഫീഖലിയുടെയും ഏക മകനാണ് ഇദിന് അലി. പട്ടര്‍ക്കടവ് വിദ്യാനഗര്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..