സുശീൽകുമാർ
ന്യൂഡല്‍ഹി: മുന്‍ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡെല്‍ഹി പോലീസ്. റാണയുടെ കൊലപാതകക്കേസിൽ പ്രതിയായ സുശീല്‍കുമാറിനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ല. കേസിലെ മറ്റൊരു പ്രതിയായ അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികം നല്‍കുമെന്നും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് നാലിന് ന്യൂഡല്‍ഹിയിലെ ചത്രസാല്‍ സ്റ്റേഡിയത്തിന് പുറത്ത് ഗുസ്തിക്കാർ തമ്മിലുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും വെടിവെപ്പിലുമാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണയ്ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവെയാണ് റാണ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുശീല്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസെടുത്തത്.
എന്നാല്‍, സ്റ്റേഡിയത്തില്‍ നടന്ന സംഭവങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സുശീല്‍കുമാര്‍ പിന്നീട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുശീല്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി രോഹിണി കോടതി ചൊവ്വാഴ്ച പരിഗണിക്കുകയാണ്. അഡിഷണല്‍ സെഷന്‍സ് ജഡ്ജി ജഗദീഷ് കുമാറാണ് വാദം കേള്‍ക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി വ്യക്തിഗത ഇനങ്ങളില്‍ രണ്ട് ഒളിമ്പിക് മെഡല്‍ നേടിയ ഏക താരമാണ് സുശീല്‍കുമാര്‍. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിയുമാണ് ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ നേടിയത്
Content Highlights: Wrestler Murder Case: Delhi Police Announces One Lakh Reward For Info On Sushil Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..