ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒരു ടീമിനെ സ്വന്തമാക്കാന്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ പുതുതായി അനുവദിക്കുന്ന രണ്ട് ടീമുകളില്‍ ഒന്നിനെ സ്വന്തമാക്കാനാണ് താരജോഡികള്‍ രംഗത്തിറങ്ങുന്നത്. തിങ്കളാഴ്ച്ച ദുബായില്‍ വെച്ചാണ് ലേലം. 

ഇരുവരും ടീമിനെ സ്വന്തമാക്കിയാല്‍ ഐപിഎല്ലിലെ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം വര്‍ധിക്കും. നിലവില്‍ പ്രീതി സിന്റ പഞ്ചാബ് കിങ്‌സിന്റേയും ഷാഖൂഖ് ഖാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഉടമകളാണ്.

പുതിയ ടീമിനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്തുണ്ട്. യുണൈറ്റഡിന്റെ ഉടമകളായ ഗ്ലെയ്‌സര്‍ കുടുംബമാണ് മറ്റൊരു സ്വകാര്യ ഏജന്‍സി വഴി ബിസിസിഐയുടെ ടെണ്ടര്‍ അപേക്ഷയോട് പ്രതികരിച്ചത്. ഇവരോടൊപ്പം അദാനി ഗ്രൂപ്പും മത്സരരംഗത്തുണ്ടാകും. 

പുതിയ ടീമുകള്‍ക്കായി റാഞ്ചി, ലക്‌നൗ, അഹമ്മദാബാദ്, ഗുവാഹത്തി, കട്ടക്ക്, ധരംശാല തുടങ്ങിയ നഗരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തിറക്കിയിരുന്നു. ഇതില്‍ അഹമ്മദാബാദ്, ലക്‌നൗ എന്നീ ഫ്രാഞ്ചൈസികള്‍ക്കാണ് കൂടുതല്‍ സാധ്യതയുള്ളത്. 2000 കോടി രൂപയാണ് ഒരു ടീമിന്റെ അടിസ്ഥാന വിലയെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Deepika Padukone, Ranveer Singh Set To Bid For New IPL Team