Photo: Mathrubhumi
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവ്. ആകെ 55,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലേക്ക് ഇതുവരെ വിറ്റഴിഞ്ഞുപോയത് 5700 ടിക്കറ്റുകള്‍. ഇതുവരെ ആകെ നാല് അന്താരാഷ്ട്ര മത്സരങ്ങളാണ് നടന്നിട്ടുള്ളത്. ഇതിനുമുമ്പ് നടന്ന മത്സരങ്ങളില്‍ വലിയ തോതില്‍ ടിക്കറ്റ് വില്‍പ്പന നടന്നിരുന്നുവെങ്കിലും ഞായറാഴ്ചത്തെ മത്സരത്തില്‍ ടിക്കറ്റ് വിറ്റഴിയാതെ ഇരിക്കുന്നത് കെ.സി.എ.യെ ആശങ്കയിലാക്കിയിട്ടുണ്ട്.
ടിക്കറ്റ് വില്‍പ്പന കുറഞ്ഞാല്‍ ഇനിവരുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ കാര്യവട്ടം സ്റ്റേഡിയത്തെ പരിഗണിക്കുന്നതില്‍ പുനരാലോചന വന്നേക്കാമെന്നാണ് കരുതുന്നത്. കാര്യവട്ടത്ത് ഇത് രണ്ടാമത്തെ ഏകദിന മത്സരമാണ് നടക്കാന്‍ പോകുന്നത്. ഇതിനുമുമ്പ് 2018 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ഏകദിനമാണ് ആദ്യത്തേത്. കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ നടന്ന മറ്റ് മൂന്ന് മത്സരങ്ങളും ട്വന്റി20 മത്സരങ്ങളായിരുന്നു.
ഇത്തവണ താരങ്ങള്‍ എത്തിയപ്പോഴും സാധാരണ ഗതിയില്‍ കാണാറുള്ള ആവേശമൊന്നും വിമാനത്താവളത്തിലുമുണ്ടായിരുന്നില്ല. പരമ്പര ഇന്ത്യയ്ക്ക് ലഭിച്ചതിനാല്‍ ഇന്ന് നടക്കുന്ന മത്സരം വലിയ ആവേശമുണ്ടാക്കില്ലെന്ന വിലയിരുത്തലും ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമൊക്കെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. മത്സരം ഞായറാഴ്ച ആയിട്ടുകൂടി ടിക്കറ്റ് വിറ്റഴിയാതെ ഇരിക്കുന്നത് ക്രിക്കറ്റ് അസോസിയേഷനില്‍ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്.
ടിക്കറ്റിന് മേല്‍ വിനോദ നികുതി കുത്തനെ ഉയര്‍ത്തിയത് ടിക്കറ്റ് വില വര്‍ധിപ്പിച്ചിട്ടുണ്ട്. വിനോദ നികുതി കുറയ്ക്കില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നും മന്ത്രി അബ്ദുറഹ്മാന് പറഞ്ഞത് വിവാദമായിരുന്നു. 18 ശതമാനം ജി.എസ്.ടി., 12 ശതമാനം വിനോദ നികുതി എന്നിവകൂടി ചേരുമ്പോള്‍ 300 രൂപ നികുതിയും ഓണ്‍ലൈന്‍ ആപ്പായ പേ ടി.എം. ഇന്‍സൈഡറിന്റെ കണ്‍വീനിയന്‍സ് ചാര്‍ജും ഉള്‍പ്പടെ ആയിരത്തിന്റെ ടിക്കറ്റ് 1475.74 രൂപയ്ക്കാണ് വാങ്ങാന്‍ കഴിയുക.
സെപ്റ്റംബറില്‍ ഇവിടെ നടന്ന ട്വന്റി20 മത്സരത്തിന് നികുതികള്‍ ഉള്‍പ്പെടെ 1500 രൂപയ്ക്കാണ് (ബുക്കിങ് ആപ്പിന്റെ കണ്‍വീനിയന്‍സ് ചാര്‍ജ് കൂടാതെ) ഏറ്റവും കുറഞ്ഞ ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാല്‍ അന്ന് സര്‍ക്കാര്‍ ഇടപെട്ട് കോര്‍പ്പറേഷന്റെ വിനോദനികുതിയില്‍ ഇളവ് നല്‍കിയിരുന്നു. ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല, 24 ശതമാനം വിനോദ നികുതി വേണമെന്ന് കോര്പ്പറേഷന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് കാണികള്‍ക്ക് വലിയ ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് 12 ശതമാനത്തില്‍ ഒതുക്കിയത്.
കോര്പ്പറേഷന് വിനോദനികുതിക്ക് വാശിപിടിച്ചതോടെ കഴിഞ്ഞ ട്വന്റി20 മത്സരത്തേക്കാള്‍ ടിക്കറ്റ് നിരക്കില്‍ കുറവുവരുത്തി കാണികളുടെ ഭാരം കുറയ്ക്കാനാണ് കെ.സി.എ. തീരുമാനിച്ചത്. ഇതോടെ ട്വന്റി20 മത്സരത്തിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഏകദിനം കാണാനാകും. പട്ടാള റിക്രൂട്ട്മെന്റിന് നല്കി പിച്ചുള്പ്പെടെ നാശംനേരിട്ട ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ലക്ഷങ്ങള്‍ ചെലവിട്ട് അന്താരാഷ്ട്ര മത്സരത്തിന് സജ്ജമാക്കിയത് ക്രിക്കറ്റ് അസോസിയേഷനാണ്.
മത്സരം കാണാനെത്തുന്ന കാണികളെ രാവിലെ 11.30 മുതല്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. 1000, 2000 രൂപ ടിക്കറ്റുകള്‍ പേ ടി.എം. ഇന്സൈഡറില്നിന്ന് ഓണ്‍ലൈനായും വിദ്യാര്‍ഥികള്‍ക്കുള്ള 500 രൂപ ടിക്കറ്റ് തൈക്കാട് ക്രിക്കറ്റ് അസോസിയേഷന് ഓഫിസീല്നിന്നും വാങ്ങാം. ബാക്ക് പാക്ക്, ഹെല്‍മറ്റ്, തീപ്പെട്ടി, സിഗരറ്റ്, മറ്റു ലഹരി വസ്തുക്കള്‍, വടികള്‍, കറുത്ത തുണി എന്നിവയും ഗാലറിയില്‍ അനുവദിക്കില്ല. ഓണ്‍ലൈനായി ടിക്കറ്റെടുത്തയാളിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഹാജരാക്കണം. ആഹാരം, വെള്ളം എന്നിവ ഉള്ളിലേക്ക് കൊണ്ടുവരാനാകില്ല. ഉച്ചഭക്ഷണവും അത്താഴവുമടക്കം ഗാലറികളിലെ കൗണ്ടറുകളില്‍ ലഭിക്കും.
Content Highlights: decline in ticket sales for india sri lanka match in trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..