ലോസ് ആഞ്ജലിസ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെയും മകള്‍ ജിയാനയുടെയും ഉള്‍പ്പെടെ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തിരച്ചിലിന് നേതൃത്വം നല്‍കിയ ഏജന്‍സിയെ ഉദ്ധരിച്ച് എബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച തന്നെ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവ കഴിഞ്ഞ ദിവസം കണ്ടെടുത്തു. മൂന്ന് മൃതദേഹങ്ങള്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ലഭിച്ചത്. ബാക്കിയുള്ളവ അപകടം നടന്നതിനു കുറച്ചുമാറിയുമായിരുന്നുവെന്ന് ലോസ് ആഞ്ജലിസ് കൗണ്ടി വിഭാഗത്തിലെ മെഡിക്കല്‍ എക്‌സാമിനര്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫൊറന്‍സിക് സയന്‍സ് സെന്ററിലേക്ക് മാറ്റി. ചെങ്കുത്തായ മലനിരകളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയെന്നത് ദുഷ്‌കരമായ ദൗത്യമായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ മാസങ്ങളെടുത്തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 13-കാരിയായ മകളുടെ ടീമിനെ പരിശീലിപ്പിക്കാന്‍ കാലിഫിലെ മാംബ സ്‌പോര്‍ട്സ് അക്കാദമിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

dead Bodies of all 9 victims recovered from helicopter crash that killed Kobe Bryant
Image Courtesy: NZ NEWS

കോബിയുടെ താമസ്ഥലമായ ഓറഞ്ച് കൗണ്ടിയില്‍നിന്ന് കോപ്റ്റര്‍ പറന്നുയരുമ്പോള്‍ നല്ല കാലാവസ്ഥയായിരുന്നു. ഒരു മണിക്കൂറിനുശേഷം ലോസ് ആഞ്ജലിസിലെ ഗ്രിഫിത്ത് പാര്‍ക്കിനുമുകളില്‍ കോപ്റ്റര്‍ വട്ടമിട്ടു. 

ഞായറാഴ്ച പ്രഭാതത്തില്‍ ഇവിടെ നല്ല മൂടല്‍മഞ്ഞായിരുന്നു. മേഘപാളിയെ മറികടക്കാന്‍ കോപ്റ്റര്‍ ഉയരെ പറത്താന്‍ പോകുന്നു എന്നാണ് പൈലറ്റിന്റേതായി ഒടുവില്‍ വന്ന സന്ദേശം. അതിന്റെ വിശദാംശങ്ങള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആരാഞ്ഞെങ്കിലും മറുപടിയുണ്ടായില്ല. കോപ്റ്റര്‍ മുകളിലേക്കുയര്‍ന്നെങ്കിലും പിന്നീട് ഇടതുവശം ചെരിഞ്ഞ് താഴ്ന്നുപറന്നതായി റഡാര്‍ കണ്ടെത്തി. മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. കോപ്റ്ററില്‍ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ ഉണ്ടായിരുന്നില്ല.

കോപ്റ്റര്‍ കോബിയുടെതായിരുന്നു. 1991-ല്‍ നിര്‍മിച്ച സികോര്‍ക്സി എസ് 76. ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍നിന്ന് കോപ്റ്റര്‍ പറന്നുയര്‍ന്നത് പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.06-ന്. പത്തുമണിയോടെ കലബാസസിലെ ചെങ്കുത്തായ മലനിരകളില്‍ കോപ്റ്റര്‍ തകര്‍ന്നുവീണു. 

Content Highlights: dead Bodies of all 9 victims recovered from helicopter crash that killed Kobe Bryant