കൊല്‍ക്കത്ത: പിങ്ക് ബോള്‍ ഉപയോഗിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഫീല്‍ഡിങ്ങാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പന്തിന് ഭാരം കൂടുതലുള്ളതുപോലെ പരിശീലന സമയത്ത് തോന്നിയെന്നും കോലി വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ലിപ്പിലെ ക്യാച്ചിങ് പ്രാക്ടീസ് നടത്തിയപ്പോള്‍ പന്തിന് കൂടുതല്‍ കട്ടിയുള്ളതുപോലെയാണ് തോന്നിയത്. ചെറുപ്പത്തില്‍ കളിച്ചിരുന്ന സിന്തറ്റിക് ബോള്‍ പോലെയോ ഹോക്കി ബോള്‍ പോലെയോ ആണ് തോന്നിയത്. പന്തിന് ഭാരം കൂടുതല്‍ ഇല്ലെങ്കിലും ഉണ്ടെന്നൊരു തോന്നലുണ്ടാക്കും. പന്ത് കൂടുതല്‍ വേഗത്തില്‍ പറക്കുന്നു. പന്തിന്റെ കൂടുതല്‍ തിളക്കമാകാം കാരണം. കീപ്പറിനുള്ള ത്രോകള്‍ക്ക് കൂടുതല്‍ ആയാസം വേണ്ടിവന്നു. ആകാശത്തേക്ക് ഉയരുന്ന ക്യാച്ചുകളെടുക്കാന്‍ പ്രയാസമുണ്ടാകും. റെഡ്, വൈറ്റ് ബോളുകള്‍ താഴേക്ക് വരുന്നതിന്റെ വേഗം അനുമാനിക്കാന്‍ ഫീല്‍ഡര്‍ക്ക് കഴിയും. പിങ്കില്‍ പക്ഷേ, വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ഡ്രോപ്പ് ചെയ്യും. ബാറ്റിങ്ങിന് വലിയ പ്രശ്‌നം തോന്നിയില്ലെങ്കിലും സാങ്കേതികത്തികവും അതീവശ്രദ്ധയും വേണ്ടിവരും. പന്ത് സ്റ്റമ്പിന് പുറത്താണോ അകത്താണോ വരുന്നതെന്ന തീരുമാനം പതിവിലും വേഗമെടുക്കണം. മഞ്ഞുവീഴ്ച ഒരു ഘടകമാണ്. 

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ ഡേ-നൈറ്റ് ടെസ്റ്റിനുള്ള വ്യത്യാസമതാണ്. ഇതൊരു പരീക്ഷണഘട്ടമാണ്. ഹോം കണ്ടീഷന്‍സിലാണ് നാം ആദ്യം പരീക്ഷണം നടത്തേണ്ടത്. പെട്ടെന്നൊരു ദിവസം ഡേ-നൈറ്റ് ടെസ്റ്റുകള്‍ കളിച്ചുതുടങ്ങാന്‍ കഴിയില്ല. ഫോര്‍മാറ്റിലെ പരിചയമില്ലായ്മ, പന്തിന്റെ വിസിബിലിറ്റി സംബന്ധിച്ച സംശയം തുടങ്ങിയ കാര്യങ്ങളുള്ളതിനാലാണ് ഇന്ത്യ ഇതുവരെ പിങ്ക് പന്തില്‍നിന്ന് മാറിനിന്നത്. ഒരു പ്രാക്ടീസുമില്ലാതെ ഒരു വലിയ ടൂറിനിടയ്ക്ക് പെട്ടെന്ന് പിങ്ക് ബോളില്‍ കളിക്കാനാകില്ല -കോലി പറഞ്ഞു.

പിങ്ക് ബോള്‍ ടെസ്റ്റിനായി കാത്തിരിക്കുകയാണെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ ചില പിഴവുകള്‍ വരുത്തി. നൂറ്റമ്പതോ ഇരുനൂറോ റണ്‍സടിക്കുന്ന കൂട്ടുകെട്ടുകളുണ്ടാക്കിയാല്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്ന് മൊമിനുള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Content Highlights: Day Night Test Virat Kohli says pink ball feels like heavy hockey ball