-
ബെംഗളൂരു: സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിന് അർഹനായ അത്ലറ്റിക്സ് പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു. ശനിയാഴ്ച ദേശീയ കായിക ദിനത്തിൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ നിൽക്കാതെ അദ്ദേഹം ജീവിതത്തിന്റെ ട്രാക്ക് വിട്ടു.
ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഓൺലൈനായി നടക്കുന്ന പുരസ്കാരദാന ചടങ്ങിന്റെ റിഹേഴ്സലിൽ പങ്കെടുത്തതിനു പിന്നാലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
ദേശീയ കായിക ദിനമായ ശനിയാഴ്ചയാണ് ഈ വർഷത്തെ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് ചടങ്ങ് നടക്കുക. 1974-ൽ കായിക പരിശീലന കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ പുരുഷോത്തം, നാലു പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമാണ്. 2001-ൽ സായിയിൽനിന്ന് വിരമിച്ചു.
മലയാളികളായ മുരളി കുട്ടൻ, റോസക്കുട്ടി എന്നിവരുടെ പരിശീലകനായിരുന്നു. അശ്വിനി നാച്ചപ്പ, എം.കെ. ആശ തുടങ്ങിയ ദേശീയ താരങ്ങളുടെയും വഴികാട്ടിയായി. ഒളിമ്പ്യൻ വന്ദന റാവു, പ്രമീള അയ്യപ്പ, അശ്വിനി നാച്ചപ്പ, ഇ.ബി ഷൈല, ജി.ജി പ്രമീള എന്നിവരേയും പരിശീലിപ്പിച്ചിട്ടുണ്ട്.
1987-ൽ ഇറ്റലിയിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്, 1988 ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പ്, 1999 സാഫ് ഗെയിംസ് എന്നിവയിൽ ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്നു. സർവീസസ്, യൂത്ത് എംപവർമെന്റ് ആൻഡ് സ്പോർട്സ് (ഡി.വൈ.എസ്), സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്.ഐ.ഐ) എന്നിവിടങ്ങളിൽ കോച്ചിംഗ് റോളുകളിലും അദ്ദേഹം പങ്കാളിയായി.
1974-ൽ നേതാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്ന് ഡിപ്ലോമ നേടിയതിന് ശേഷമാണ് റായ് തന്റെ പരിശീലന ജീവിതം ആരംഭിച്ചത്.
Content Highlights: day before receiving Dronacharya award Athletics coach Purushotham Rai dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..