സെന്റ് ലൂസിയ: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ തനിക്കെതിരേ വംശീയാധിക്ഷേപം നടത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിലാണ് സമി താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞത്. ഇതോടെ കാണികളില്‍ ചിലര്‍ മാത്രമല്ല സണ്‍റൈസേഴ്‌സിലെ സഹതാരങ്ങളും സമിക്കെതിരേ വംശീയാധിക്ഷേപം നടത്തിയതായാണ് സൂചന.

ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ കാണികളില്‍ ചിലര്‍ തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയേയും 'കാലു' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി ദിവസങ്ങള്‍ക്കു മുമ്പാണ് സമി വെളിപ്പെടുത്തിയത്. ഇതിനു തുടര്‍ച്ചയായാണ് പുതിയ പോസ്റ്റ്.

ചിലര്‍ തന്നെ വിളിച്ചിരുന്ന ഒരു വാക്ക് താനുദ്ദേശിച്ച തരത്തിലായിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് കണ്ടെത്തിയത്. അതിനാല്‍ ആ പേരുകള്‍ വെളിപ്പെടുത്തും മുമ്പ് അത്തരം ആളുകള്‍ തന്നെ ബന്ധപ്പെടണമെന്നും ആ വാക്കിന് സ്‌നേഹത്തോടെയുള്ള മറ്റൊരു അര്‍ഥം കൂടിയുണ്ടെന്ന് തന്നെ ബോധ്യപ്പെടുത്തണമെന്നും സമി കുറിച്ചു.

ഇന്ത്യന്‍ - അമേരിക്കന്‍ കൊമേഡിയനായ ഹസന്‍ മിനാജിന്റെ ഒരു ഷോ കണ്ടപ്പോഴാണ് 'കാലു' എന്ന വാക്കിന്റെ അര്‍ഥം തനിക്ക് മനസിലായതെന്നും സമി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ നാട്ടില്‍ കറുത്ത ആളുകളെ വിളിച്ചിരുന്ന വാക്കുകളുടെ കൂട്ടത്തില്‍ ഈ വാക്കും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്താണ് 2013-14 കാലത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചിരുന്ന സമയത്ത് ചിലര്‍ തന്നെ ആ വാക്ക് വിളിച്ചത് ഓര്‍മ വന്നത്. കറുത്ത വര്‍ഗക്കാരെ അധിക്ഷേപിക്കുന്ന വാക്കായിരുന്നു അത്. 

അര്‍ഥമറിഞ്ഞപ്പോള്‍ തനിക്ക് കടുത്ത ദേഷ്യമാണ് തോന്നിയതെന്നും സമി പറഞ്ഞു. ''വിളിച്ചവര്‍ക്കറിയാമല്ലോ അത് ആരൊക്കെയാണെന്ന്. അവര്‍ക്കെല്ലാം ഞാന്‍ പ്രത്യേകം മെസേജ് അയക്കുന്നുണ്ട്. അന്ന് ആ പേര് വിളിക്കുമ്പോള്‍ അതിന്റെ അര്‍ഥമെന്താണെന്ന് എനിക്കറിയില്ലായിരുന്നു. അന്നെനിക്കത് പ്രശ്‌നമല്ലായിരുന്നു. കാരണം അന്ന് എനിക്ക് അര്‍ഥമറിയില്ലായിരുന്നല്ലോ'', സമി കൂട്ടിച്ചേര്‍ത്തു.

ഓരോ തവണയും തന്നെയും പെരേരയേയും ആ പേര് വിളിക്കുമ്പോള്‍ ചുറ്റും ചിരികള്‍ ഉയരാറുണ്ടെന്നും സമി ഓര്‍ക്കുന്നു. ടീം അംഗങ്ങളെല്ലാം സന്തോഷിക്കുന്നത് കണ്ടതിനാല്‍ അത് എന്തെങ്കിലും തമാശയായിരിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

''എന്നെ ആ പേര് വിളിച്ചവര്‍ക്കറിയാമല്ലോ അത് ആരൊക്കെയാണെന്ന്. അതുകൊണ്ട് അവരെല്ലാവരും എന്നെ വിളിക്കുക. നമുക്ക് സംസാരിക്കാം. മോശം അര്‍ഥത്തിലാണ് നിങ്ങള്‍ ആ പേരു വിളിച്ചതെങ്കില്‍ ഞാന്‍ നിരാശനാകും. എനിക്ക് ദേഷ്യം തന്നെയാകും ഉണ്ടാകുക. നിങ്ങളെന്നോട് മാപ്പു പറയേണ്ടതായി വരും. നിങ്ങളെയെല്ലാം ഞാന്‍ എന്റെ സഹാദരന്‍മാരായാണ് കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ എന്നോട് സംസാരിക്കൂ, എല്ലാം പറഞ്ഞുതീര്‍ക്കൂ'', സമി വ്യക്തമാക്കി.

Content Highlights: Darren Sammy calls out teammates who racially abused him during ipl