-
കിങ്സ്റ്റൺ: യു.എസിലെ മിനസോട്ടയിൽ ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയിഡ് പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ വംശീയവെറിക്കെതിരായ പോരാട്ടത്തിന് ഐ.സി.സിയുടേയും മറ്റു ക്രിക്കറ്റ് ബോർഡുകളുടേയും പിന്തുണ ആവശ്യപ്പെട്ട് വെസ്റ്റ്ൻഡീസ് മുൻ ക്യാപ്റ്റൻ ഡാരെൻ സമി. നിറത്തിന്റെ പേരിലുള്ള അസമത്വത്തിനെതിരേ ക്രിക്കറ്റ് ലോകം ശബ്ദിക്കുന്നില്ലെങ്കിൽ അവരും കൊലായാളികൾക്കൊപ്പമാണെന്നും ഇത്തരം പ്രശ്നങ്ങളോട് പുലർത്തുന്ന നിശബ്ദത അവസാനിപ്പിക്കാറായെന്നും സമി പറയുന്നു.
ട്വിറ്ററിലൂടെയായിരുന്നു സമിയുടെ പ്രതികരണം. കറുത്ത വർഗക്കാരായ മനുഷ്യർ ഇത്തരത്തിൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെന്നും സമി ട്വീറ്റിൽ പറയുന്നു. 'എന്നെപ്പോലെ കറുത്ത വർഗക്കാരായ ആളുകൾക്ക് സംഭവിക്കുന്നത് ഐ.സി.സിയും മറ്റു ക്രിക്കറ്റ് ബോർഡുകളും കാണുന്നില്ലേ? ഈ സാമൂഹിക അസമത്വത്തിനെതിരേ ശബ്ദിക്കാൻ നിങ്ങൾ തയ്യാറല്ലേ? ഞാനുൾപ്പെടെയുള്ള കറുത്ത വർഗക്കാർക്കെതിരായ സാമൂഹിക അസമത്വമാണത്. ഇത് അമേരിക്കയിലെ മാത്രം പ്രശ്നമല്ല. നിങ്ങളുടെ പ്രതികരണങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു.' ഐസിസിയെ ടാഗ് ചെയ്ത് സമി ട്വീറ്റ് ചെയ്തു.
നേരത്തെ ഇത്തരം ദുരനുഭവങ്ങൾ പങ്കുവെച്ച് വിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചപ്പോൾ കറുത്ത വർഗക്കാരനായതിന്റെ പേരിൽ താൻ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും വംശവെറി ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലും സാധാരണമാണെന്നും ഗെയ്ൽ പറയുന്നു. കറുത്തവനായതിന്റെ പേരിൽ കളിക്കുന്ന ടീമിൽ നിന്നുപോലും പിന്തള്ളപ്പെട്ടിട്ടുണ്ടെന്നും ഗെയ്ൽ വ്യക്തമാക്കിയിരുന്നു.
Content Highlights: Daren Sammy urges cricket boards to support Blacks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..