കറാച്ചി: പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഡാനിഷ് കനേരിയയെ സംബന്ധിച്ച് മുന്‍ താരം ഷുഐബ് അക്തര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ചര്‍ച്ചകളുടെയെല്ലാം തുടക്കം. ഹിന്ദുമത വിശ്വാസി ആയതിനാല്‍ പാക് ടീമില്‍ കനേരിയ വിവേചനം നേരിട്ടു എന്നായിരുന്നു അക്തറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ നിലപാട് മയപ്പെടുത്തി അക്തര്‍ പിന്നീട് രംഗത്തെത്തി. ടീമിലെ ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമേ കനേരിയയോട് വിവേചനം കാണിച്ചിട്ടുള്ളൂവെന്നും മറ്റുള്ളവര്‍ അതിനെ എതിര്‍ത്തിരുന്നുവെന്നും ആയിരുന്നു അക്തറിന്റെ തിരുത്ത്. 

ഇതിന് പിന്നാലെ കനേരിയക്കെതിരേ ഗുരുതര ആരോപണവുമായി പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രംഗത്തെത്തി. പണത്തിന് വേണ്ടി എന്തും പറയുന്ന ആളാണ് കനേരിയ എന്നും അഴിമതിക്കേസില്‍പെട്ടു ക്രിക്കറ്റില്‍ നിന്ന് വിലക്കിയ ആള്‍ പറയുന്നതൊക്കെ എങ്ങനെ വിശ്വസിക്കുമെന്നും ജാവേദ് മിയാന്‍ദാദ് ചോദിച്ചിരുന്നു.

ഇതിനെല്ലാം മറുപടിയുമായി കനേരിയ രംഗത്തെത്തി. 'ബിറ്റര്‍ ട്രൂത്ത്' എന്ന പേരില്‍  യു ട്യൂബ് വീഡിയോയിലൂടെയാണ് വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കനേരിയ മറുപടി നല്‍കുന്നത്. 'പ്രശസ്തിക്കും എന്റെ യു ട്യൂബ് ചാനലിനും വേണ്ടിയാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്ന് പറയുന്നവരെ ഞാന്‍ ഒരു കാര്യം ഓര്‍മപ്പെടുത്തുകയാണ്. ഞാന്‍ അല്ല ഇതെല്ലാം ചെയ്തത്. ടീമില്‍ ഞാന്‍ നേരിട്ട വിവേചനത്തെ കുറിച്ച് ഷുഐബ് അക്തര്‍ ഒരു ദേശീയ മാധ്യമത്തില്‍ സംസാരിക്കുകയായിരുന്നു.' കനേരിയ വീഡിയോയില്‍ വ്യക്തമാക്കുന്നു.

'10 വര്‍ഷം ഞാന്‍ പാകിസ്താന് വേണ്ടി കളിച്ചു എന്ന് ആളുകള്‍ പറയുന്നു. പക്ഷേ ആ പത്ത് വര്‍ഷം എന്റെ രക്തത്തിന്റെ വിലയാണ്. ക്രിക്കറ്റ് പിച്ചുകളില്‍ എന്റെ രക്തം പുരണ്ടു. എന്റെ വിരലുകളില്‍ മുറിവുപറ്റി ചോരയൊലിക്കുമ്പോഴും ഞാന്‍ പന്തെറിഞ്ഞു. ഒത്തുകളിച്ച് രാജ്യത്തെ വിറ്റവര്‍ ടീമിലുണ്ട്. അവര്‍ക്ക് എപ്പോഴും ടീമില്‍ സ്ഥാനമുണ്ടാകും. അങ്ങനെ ഒത്തുകളിച്ചവര്‍ ഇപ്പോഴും ടീമിന്റെ ഭാഗമാണ്‌. ഒരിക്കലും പണത്തിനായി ഞാന്‍ എന്റെ രാജ്യത്തെ വിറ്റിട്ടില്ല.'കനേരിയ ചൂണ്ടിക്കാട്ടുന്നു. 

പത്തുവര്‍ഷം നീണ്ടുനിന്ന കരിയറില്‍ പാകിസ്താനായി 61 ടെസ്റ്റ് കളിച്ച കനേരിയ 261 വിക്കറ്റുകള്‍ വീഴ്ത്തി. പിന്നീട് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഒത്തുകളിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ആന്‍ഡ്‌ വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് കനേരിയയെ ആജീവനാന്തം വിലക്കുകയായിരുന്നു.

Content Highlights: Danish Kaneria hit out at critics Pakistan Cricket