ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബു, സ്പ്രിന്റർ ധനലക്ഷ്മി എന്നിവർ | Photo: twitter.com
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി രണ്ടു താരങ്ങള്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.
ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു, സ്പ്രിന്റര്‍ ധനലക്ഷ്മി എന്നിവരാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇരുവരും നിരോധിത വസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇരുവരെയും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി.
കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനിടെ നാഡ ശേഖരിച്ച ഐശ്വര്യ ബാബുവിന്റെ സാമ്പിളാണ് പോസിറ്റീവായിരിക്കുന്നത്. ഈ ചാമ്പ്യന്‍ഷിപ്പിനിടെയാണ് 25-കാരിയായ ഐശ്വര്യ 14.14 മീറ്റര്‍ ചാടി മലയാളി താരം മയൂഖ ജോണി 2011-ല്‍ സ്ഥാപിച്ച ദേശീയ റെക്കോഡ് (14.11) തിരുത്തിയത്.
അതേസമയം അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്പ്രിന്റര്‍ ധനലക്ഷ്മിയുടെ സാമ്പിള്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. നിരോധിത സ്റ്റിറോയ്ഡിന്റെ സാന്നിധ്യമാണ് താരത്തിന്റെ സാമ്പിളില്‍ കണ്ടെത്തിയത്.
ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ങാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 215 അത്ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 322 പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇതില്‍ 36 അംഗ അത്ലറ്റിക്സ് സംഘത്തിന്റെ ഭാഗമായിരുന്നു ഐശ്വര്യ ബാബുവും ധനലക്ഷ്മിയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..