Photo: Mathrubhumi
തൃശ്ശൂര്‍: ഇന്ത്യന്‍ ഫുട്ബോളിന് കേരള പോലീസ് സമ്മാനിച്ച താരം സി.വി. പാപ്പച്ചന് സര്‍വീസില്‍നിന്ന് വിരമിക്കുന്നു. കേരള പോലീസ് അക്കാദമിയില്‍ കമാന്‍ഡന്റായ അദ്ദേഹം മേയ് 31-ന് പടിയിറങ്ങും. പന്തടക്കവും ഡ്രിബ്ലിങ്ങുംകൊണ്ട് മൈതാനങ്ങളെ വിസ്മയിപ്പിച്ച പാപ്പച്ചന് ഇന്ത്യന്‍ ഫുട്ബോളില്‍ തന്റേതായ കൈയൊപ്പിട്ടാണ് പോലീസ് സേനയോട് വിടപറയുന്നത്. ഗോള്‍ കീപ്പര്‍മാര്‍ക്കുള്ള ഒരു അക്കാദമി തുടങ്ങി ഫുട്ബോള്‍ ലോകത്ത് സജീവമായി നില്‍ക്കാനാണ് പാപ്പച്ചന്റെ തീരുമാനം. ഒപ്പം തന്റെ ഇഷ്ടങ്ങളായ പഞ്ചാരിമേളത്തിന്റെയും സാക്സോഫോണിന്റെയും തുടര്‍ പരിശീലനങ്ങളും അദ്ദേഹം ലക്ഷ്യമിടുന്നു.
ജന്മനാടായ പറപ്പൂരിലെ പള്ളിക്ക് മുന്നിലെ എല്‍.പി. സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് പന്ത് തട്ടി തുടങ്ങിയ പാപ്പച്ചന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി ജഴ്സി അണിഞ്ഞാണ് ഫുട്ബോള്‍ രംഗത്തേക്ക് വന്നത്. തുടര്‍ന്ന് പ്രീമിയര്‍ ടയേഴ്സിന്റെ കളിക്കാരനായി. നാഗ്ജി ഫുട്ബോളില്‍ കളിച്ചു.
1985-ലാണ് എ.എസ്.ഐ. തസ്തികയില്‍ പോലീസില്‍ ചേര്‍ന്നത്. 1998 വരെ അദ്ദേഹം പോലീസിന്റെ ഫുട്ബോള്‍ ടീമില്‍ മാത്രമായിരുന്നു പൂര്‍ണ സമയവും. പിന്നീടാണ് യൂണിഫോം ഇട്ട് സേനയുടെ ജോലികളില്‍ എത്തിയത്.
രാജ്യത്തെ പ്രമുഖ ക്ലബ്ബുകളില്‍ നിന്ന് വമ്പന്‍ ഓഫറുകള്‍ ഉണ്ടായെങ്കിലും കേരള പോലീസ് വിട്ട് അദ്ദേഹം പോയില്ല. കേരള പോലീസിനും കേരള ഫുട്ബോളിനും പാപ്പച്ചന് നല്കിയ സംഭാവനയേറെയാണ്. 1990-ല്‍ ഇന്ത്യന്‍ ഫുട്ബോളിലെ കരുത്തരായ സല്‍ഗോക്കറിനെ അട്ടിമറിച്ച് കേരള പോലീസ് ആദ്യമായി ഫെഡറേഷനില്‍ മുത്തമിട്ടത് പാപ്പച്ചന് അടിച്ച നിര്‍ണായക ഗോളിലൂടെയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് പോലീസ് അന്ന് കിരീടം ചൂടിയത്.
സന്തോഷ് ട്രോഫിയില്‍ നിരവധി തവണ കളിച്ചിട്ടുള്ള അദ്ദേഹം ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു. വി.പി. സത്യന്, ഐ.എം. വിജയന്, യു. ഷറഫലി, തോബിയാസ്, കെ.ടി. ചാക്കോ തുടങ്ങി നിരവധി കളിക്കാര്‍ സഹതാരങ്ങളായിരുന്നു. രാജ്യത്തിനായി നിരവധി തവണ കുപ്പായമണിഞ്ഞ അദ്ദേഹം ശ്രീലങ്കയ്ക്കെതിരേ ക്യാപ്റ്റനായിരുന്നു. നെഹ്രു ട്രോഫി ഫുട്ബോളില്‍ ഹംഗറിക്കെതിരേ നേടിയ ഗോള്‍ പാപ്പച്ചന്റെ മിന്നുംഗോളുകളില്‍ ഒന്നായിരുന്നു.
2020-ല്‍ പാപ്പച്ചന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചു. രാമവര്‍മപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബീനയാണ് ഭാര്യ. മകള്‍ പിങ്കി സോഫ്റ്റ്വേര്‍ എന്‍ജിനീയറായ ഭര്‍ത്താവ് ഫ്രാന്‍സിസ് ജോസ് ആലപ്പാടിനൊപ്പം അമേരിക്കയിലെ അരിസോണയിലാണ്.
Content Highlights: CV Pappachan retires from police service
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..