മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പീഡകനല്ലെന്നും പോര്‍ച്ചുഗീസ് താരത്തിന് വേണ്ടി കോടതിയില്‍ സാക്ഷി പറയാന്‍ തയ്യാറാണെന്നും മുന്‍ കാമുകിയും സ്പാനിഷ് മോഡലുമായ നരെയ്ദ ഗല്ലാര്‍ഡോ.

ക്രിസ്റ്റ്യാനോയോട് എനിക്ക് പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്. വളരെ കരുതലും സ്‌നേഹമുള്ളവനുമാണ്. എന്നോട് ഒരിക്കല്‍പോലും മാന്യത വിട്ട് പെരുമാറിയിട്ടില്ല. ഗല്ലാര്‍ഡോ വ്യക്തമാക്കി. ക്രിസ്റ്റ്യാനോയ്‌ക്കെതിരായ പീഡനാരോപണം കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും മുപ്പത്തിയഞ്ചുകാരി പറയുന്നു.

ഒരു ക്ലബ്ബില്‍ വെച്ചാണ് ഗല്ലാര്‍ഡോയും ക്രിസ്റ്റ്യാനോയും കണ്ടുമുട്ടിയത്. ഇരുവരുടേയും പ്രണയം എട്ടു മാസത്തോളം നീണ്ടുനിന്നു. അദ്ദേഹം ഒരിക്കലും ആക്രമസ്വഭാവത്തോടെ പെരുമാറിയിട്ടില്ല. ഒരാളെ കീഴ്‌പ്പെടുത്തുന്നവനോ താഴെ വീഴ്ത്തുന്നവനോ ആയിട്ട് അദ്ദേഹത്തെ എനിക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കുന്നില്ല. കിടപ്പറയില്‍ പോലും അമിതാവേശം കാണിക്കാറില്ല. സൗമ്യനായാണ് പെരുമാറാറുള്ളത്. ഗല്ലാര്‍ഡോ വെളിപ്പെടുത്തുന്നു. 

കഴിഞ്ഞ മാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്‌ക്കെതിരായ അമേരിക്കന്‍ യുവതിയുടെ പീഡിനാരോപണം പുറത്തുവന്നിരുന്നു. ലാസ് വെഗാസിലെ ഹോട്ടല്‍ റൂമില്‍ വെച്ച് പോര്‍ച്ചുഗീസ് താരം പീഡിപ്പിച്ചുവെന്നായിരുന്നും കാതറിന്‍ മയോര്‍ഗയെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണം. 2009-ല്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. ക്രിസ്റ്റ്യാനോയ്‌ക്കെതിരേ യുവതി  പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്‍ കാമുകി ഗല്ലാര്‍ഡോ തന്റെ അനുഭവം പങ്കുവച്ചത്. 

അതേസമയം, പീഡിപ്പിച്ചുവെന്ന പരാതി കള്ളമാണെന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ച ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലിനെതിരെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

Content Highlights: Cristiano Ronaldo's model ex says she'd testify to defend 'perfect gent' against rape claims