റോം: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കെതിരേ സമീപകാലത്ത് ഒരു അമേരിക്കന്‍ യുവതി പീഡനാരോപണം ഉന്നയിച്ചിരുന്നു. ലാസ് വെഗാസിലെ ഹോട്ടല്‍ റൂമില്‍ വെച്ച് പോര്‍ച്ചുഗീസ് താരം പീഡിപ്പിച്ചുവെന്നായിരുന്നു കാതറിന്‍ മയോര്‍ഗയെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണം. 2009-ല്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. പോര്‍ച്ചുഗീസ് താരത്തിനെതിരേ യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

ഈ ആരോപണം തന്റെ കുടുംബ ജീവിതത്തെ എത്രോത്തോളം ബാധിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ വാര്‍ത്ത കണ്ട് തന്റെ അമ്മയും സഹോദരിമാരും ഞെട്ടിപ്പോയെന്നും ഒരു കുടുംബവുമായി ജീവിക്കുന്ന തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വരുന്നത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാമണെന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചു. 'ഫ്രാന്‍സ്' ഫുട്ബോള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നു. മാഗസിന്‍ നല്‍കുന്ന പ്രശസ്തമായ 'ബാലണ്‍ ദ്യോര്‍' പുരസ്‌കാര പ്രഖ്യാപനത്തിനു മുന്നോടിയായുള്ള അഭിമുഖമായിരുന്നു ഇത്. ഇത്തരത്തില്‍ ആദ്യമായാണ് പോര്‍ച്ചുഗീസ് താരം പ്രതികരിക്കുന്നത്. 

' ആ ആരോപണം എന്റെ ജീവിതത്തെ ബാധിച്ചു. ഞാന്‍ ഒരു കുടുംബസ്ഥനാണിപ്പോള്‍. ജീവിതപങ്കാളിയും നാലു കുട്ടികളുമുണ്ട്. പ്രായമായ അമ്മയുണ്ട്. സഹോദരിയും സഹോദരനും ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് ഈ ആരോപണങ്ങള്‍ വലിയ വിഷമമാണുണ്ടാക്കുക. ക്രിസ്റ്റ്യാനോ ഒരു പീഡകനാണെന്ന ആരോപണം എന്റെ പേരിനു കളങ്കമാണ്. പക്ഷേ, ഞാന്‍ എന്താണെന്നും എന്താണു ചെയ്തതെന്നും എനിക്കു നന്നായി അറിയാം. സത്യം ഒരുനാള്‍ പുറത്തുവരും. ക്രിസ്റ്റ്യാനോ പറയുന്നു.

എന്റെ ജീവിതപങ്കാളിയോട് ഞാന്‍ എല്ലാ കാര്യവും തുറന്നു സംസാരിച്ചിട്ടുണ്ട്. എല്ലാം വിശദീകരിച്ചിട്ടുണ്ട്. എന്റെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. എനിക്ക് ഏറ്റവും സങ്കടം തോന്നിയത് അമ്മയേയും സഹോദരിമാരേയും ഓര്‍ത്താണ്. അവര്‍ ഈ വാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടിപ്പോയി, ദേഷ്യപ്പെട്ടു. അങ്ങനെയൊരു അവസ്ഥയില്‍ ആദ്യമായാണ് ഞാന്‍ അവരെ കാണുന്നത്. ഇപ്പോള്‍ എന്റെ ജീവിതം വെച്ച് കളിക്കുന്നവരും എന്നെ വിമര്‍ശിക്കുന്നവരും പരിഹസിക്കുന്നവരും പിന്നീട് എല്ലാം തിരിച്ചറിഞ്ഞോളും'. പോര്‍ച്ചുഗീസ് താരം കൂട്ടിച്ചേര്‍ത്തു.

Content Highlights: Cristiano Ronaldo Reveals How Ongoing Rape Allegations Strained Personal Life