മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പെയ്നില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്താണ് ക്രിസ്റ്റ്യാനോ നികുതി വെട്ടിപ്പ് നടത്തിയത്. ഇതോടെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷ ഒഴിവാകും.
പിഴ അടക്കാമെന്ന കരാറില്‍ 23 മാസത്തെ ജയില്‍ശിക്ഷയും ഉള്‍പ്പെടും. എന്നാല്‍ സ്പെയ്നില്‍ രണ്ടു വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷയുള്ളവര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ല. ഇത് പ്രൊബേഷന്‍ കാലാമായാണ് കണക്കാക്കുക. ഇതോടെ ക്രിസ്റ്റ്യാനോ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാകുകയായിരുന്നു.
സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോര്‍ജിന റോഡ്രിഗസിനൊപ്പമാണ് ക്രിസ്റ്റ്യാനോ മാഡ്രിഡിലെ കോടതിയിലെത്തിയത്. ചിരിയോടെ കോടതിയില്‍ നിന്നിറങ്ങി വന്ന താരം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കാനും മറന്നില്ല. താരം 15 മിനിറ്റോളം കോടതിയില്‍ ചിലവഴിച്ചു. നേരത്തെ തയ്യാറാക്കിവെച്ച കരാറില്‍ ഒപ്പിടാനുള്ള ജോലി മാത്രമേ ക്രിസ്റ്റ്യാനോയ്ക്കുണ്ടായിരുന്നുള്ളൂ.
നേരത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജിയുമായി സംസാരിക്കാന്‍ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. മാധ്യമപ്പടയില്‍ നിന്ന് രക്ഷപ്പെടാന്‍ തന്റെ കറുത്ത വാനില്‍ തന്നെ കോടതിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ക്രിസ്റ്റ്യാനോ സമ്മതം ചോദിച്ചിരുന്നു. എന്നാല്‍ കോടതി അതിനും അനുവാദം നല്‍കിയില്ല. തുടര്‍ന്ന് കോടതിക്ക് പുറത്ത് വാന്‍ നിര്‍ത്തിയാണ് ക്രിസ്റ്റ്യാനോ ഉള്ളിലേക്ക് കയറിപ്പോയത്.
Content Highlights: Cristiano Ronaldo pays fine for tax evasion avoids jail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..