ലിസ്ബണ്‍:  ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കെതിരായ ലൈംഗികാരോപണക്കേസില്‍ വീണ്ടു നിലപാട് വ്യക്തമാക്കി താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സണ്‍ രംഗത്ത്. 2009-ല്‍ ലാസ് വെഗാസില്‍ വെച്ച് പരാതി ഉന്നയിച്ച സ്ത്രീയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് അവരുടെ സമ്മതത്തോടു കൂടിയായിരുന്നുവെന്നും പീറ്റര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ക്രിസ്റ്റ്യാനൊ നിശബ്ദത ഭേദിക്കാന്‍ നിര്‍ബന്ധിതനായെന്നും പീറ്റര്‍ പറയുന്നു. 

'എല്ലാവരുടേയും സംശയങ്ങള്‍ ദുരീകരിക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്, അന്ന് 2009-ല്‍ ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കും' അഭിഭാഷകന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മോഡലായ കാതറിന്‍ മയോര്‍ഗ എന്ന യുവതിയാണ് ക്രിസ്റ്റിയാനോയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുനരാരംഭിക്കുകയാണെന്ന് ലാസ് വെഗാസ് പോലീസ് കഴിഞ്ഞാഴ്ച്ച വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് പോര്‍ച്ചുഗീസ് താരം രംഗത്തെത്തിയിരുന്നു. ലൈംഗിക പീഡനമെന്നത് താന്‍ ഏറ്റവും വെറുക്കുന്ന കാര്യമാണെന്നും തന്റെ വിശ്വാസത്തിനും കാഴ്ച്ചാടിനുമെല്ലാം അത് എതിരാണെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് താരം ഇതിനോട് പ്രതികരിച്ചത്. 

എന്നാല്‍ ക്രിസ്റ്റ്യാനോയും അഭിഭാഷകനും ചേര്‍ന്ന് തന്നെ ഒത്തുതീര്‍പ്പ് കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നാണ് കാതറിന്റെ ആരോപണം. 2010-ലാണ് ഈ കരാറുണ്ടാക്കിയത്. ഈ കരാര്‍ എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനൊ നിഷേധിക്കാത്തതെന്നും കാതറിന്‍ ചോദിക്കുന്നു. 

Content Highlights: Cristiano Ronaldo insists sex was completely consensual