
Photo: AFP
ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡില്‍നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.
അയര്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ റൊണാള്‍ഡോ എതിര് ടീം താരത്തെ അടിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം റഫറിയുടെ ശ്രദ്ധയില്പ്പെടാതിരുന്നതോടെ സൂപ്പര്‍ താരം ഉറച്ച റെഡ് കാര്‍ഡില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
മത്സരത്തിനു പിന്നാലെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മത്സരത്തിന്റെ 10-ാം മിനിറ്റിലായിരുന്നു സംഭവം. പോര്‍ച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയില്‍ വാര് പരിശോധന നടക്കുന്ന സമയമായിരുന്നു അത്. പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസിനെതിരായ അയര്‍ലന്‍ഡ് താരം ജെഫ് ഹെന്‍ഡ്രിക്സിന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി അപ്പീല്‍.
റൊണാള്‍ഡോ പന്തുമായി കിക്കെടുക്കാന്‍ കാത്തുനില്‍ക്കവെ അയര്‍ലന്‍ഡ് താരം ഡാര ഒഷിയ ആ പന്ത് തട്ടിക്കളയുകയായിരുന്നു. ഇതില്‍ പ്രകോപിതനായ താരം തൊട്ടടുത്ത നിമിഷം ഒഷിയയെ അടിച്ചു. എന്നാല്‍ റഫറിയോ മറ്റ് ടീം അംഗങ്ങളോ ഇക്കാര്യം ശ്രദ്ധിച്ചില്ല.
എന്നാല്‍ പെനാല്‍റ്റി അനുവദിച്ചുകിട്ടിയെങ്കിലും അത് ഗോളാക്കിമാറ്റാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചില്ല. താരത്തിന്റെ കിക്ക് ഗോള്‍കീപ്പര്‍ ഗാവിന് ബസുനു രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നീട് മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയ റൊണാള്‍ഡോ ഇന്‍ജുറി ടൈമില്‍ വിജയ ഗോളും സ്വന്തമാക്കി.
മത്സരത്തില്‍ ഇറാന് ഇതിഹാസ താരം അലി ദേയിയുടെ 109 ഗോള്‍ എന്ന റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. 180 മത്സരങ്ങളില്‍ നിന്നായി ഇതോടെ താരത്തിന്റെ ഗോള്‍ നേട്ടം 111 ആയി.
Content Highlights: Cristiano Ronaldo appears to hit Irish player somehow escapes red card
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..