ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സീറ്റ് വാഗ്ദാനം നിരസിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെവാഗിന്റെ പിന്മാറ്റം. രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും താത്പര്യമില്ലെന്നും സെവാഗ് പറഞ്ഞതായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഡല്‍ഹിയില്‍ വ്യക്തമാക്കി. 

അതേസമയം സെവാഗിന്റെ സഹതാരവും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും ഗംഭീര്‍ രാഷ്ട്രീയ പ്രവേശനത്തെ ഗൗരവമായാണ് കാണുന്നതെന്നും ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഡല്‍ഹി സീറ്റിലായിരുന്നു സെവാഗിനെ പരിഗണിച്ചിരുന്നത്. നിലവില്‍ ബി.ജെ.പിയുടെ പര്‍വേശ് വര്‍മയാണ് ഈ മണ്ഡലത്തില്‍ നിന്നുള്ള എം.പി. ഇതിന് മുമ്പ് ഫെബ്രുവരിയില്‍ ഹരിയാനയിലെ റോത്തക്കില്‍ നിന്ന് സെവാഗ് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി സെവാഗ് തന്നെ രംഗത്തുവന്നു. 

Content Highlights: Cricketer Virender Sehwag Declined Offer To Contest Polls In Delhi