ന്യൂഡൽഹി: അർജുന പുരസ്കാരത്തിനുള്ള ശുപാർശപ്പട്ടികയിൽ ഇന്ത്യൻ പേസ് ബൗളർ ഇഷാന്ത് ശർമയും. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പുരസ്കാര നിർണയ സമിതി തിരഞ്ഞെടുത്ത 29 അംഗ പട്ടികയിലാണ് ഇഷാന്തും ഇടം പിടിച്ചത്. 31-കാരനായ ഇഷാന്ത് ഇന്ത്യക്കായി 97 ടെസ്റ്റുകളും 80 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 400 അന്താരാഷ്ട്ര വിക്കറ്റുകളും അക്കൗണ്ടിലുണ്ട്.

അമ്പെയ്ത്ത് താരം അതാനു ദാസ്, ഹോക്കി താരം ദീപിക ഠാക്കൂർ, ക്രിക്കറ്റ് താരം ദീപക് ഹൂഡ, ടെന്നീസ് താരം ദിവിജ് ശരൺ എന്നിവരും പട്ടികയിലുണ്ട്.ന്യൂഡൽഹിയിൽ നടന്ന പുരസ്കാര നിർണയ സമിതിയുടെ യോഗത്തിന് ശേഷമാണ് പട്ടിക പുറത്തുവിട്ടത്. പുരസ്കാര നിർണയ സമിതിയുടെ ശുപാർശയ്ക്ക് കേന്ദ്ര കായികമന്ത്രാലയം അനുമതി നൽകുന്നതോടെ തീരുമാനം ഔദ്യോഗികമാകും.

ഒളിമ്പിക് ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്കിനേയും ഭാരോദ്വഹനത്തിലെ മുൻ ലോകചാമ്പ്യൻ മീരാഭായ് ചാനുവിനേയും അർജുന പുരസ്കാരത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരും നേരത്തെ ഖേൽരത്ന പുരസ്കാരം നേടിയിട്ടുള്ളതിനാൽ അന്തിമ തീരുമാനമെടുക്കുക കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവാകും. റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയതിന് പിന്നാലെ 2016-ലാണ് സാക്ഷി ഖേൽരത്ന പുരസ്കാരം സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയോടൊപ്പം 2018-ലാണ് മീരാഭായ് ഖേൽരത്ന പങ്കിട്ടത്.

അതേസമയം മലയാളി താരങ്ങൾ ആരും പട്ടികയിൽ ഇല്ല. അത്ലറ്റ് പി.യു ചിത്ര സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിൽ ഇടം കണ്ടെത്തിയില്ല.

Content Highlights: Cricketer Ishant Sharma Among 29 Recommended For Arjuna Award