ദുബായ്: ഐപിഎല്‍ 14-ാം സീസണില്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ അഭിനന്ദിക്കുന്നതില്‍ പക്ഷപാതം കാട്ടി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച ലുങ്കി എന്‍ഗിഡിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് ആയ ഫാഫ് ഡു പ്ലെസിയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഇതോടെ ക്രിക്കറ്റ് ബോര്‍ഡിനെതിരേ താരങ്ങളും ആരാധകരും രംഗത്തെത്തി. 

പ്രശ്‌നം രൂക്ഷമായതോടെ അവര്‍ പോസ്റ്റ് കളഞ്ഞ് തടിതപ്പി. പിന്നീട് ചെന്നൈ ടീമിലെ എല്ലാ ദക്ഷിണാഫ്രിക്കന്‍ താരങ്ങളേയും അഭിനന്ദിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ട്വീറ്റ് ചെയ്തു. '2021 ഐപിഎല്‍ ഫൈനലില്‍ ചെന്നൈ ടീമിനായി കളിച്ച് വിജയം നേടിയ എല്ലാ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കും അഭിനന്ദനം. മാന്‍ ഓഫ് ദ മാച്ചായ ഫാഫ് ഡുപ്ലെസിസിന്റെ പ്രകടനം എടുത്തുപറയണം',  ഇതായിരുന്നു പുതിയ പോസ്റ്റ്. 

നേരത്തെ 'ചെന്നൈ ടീമിനൊപ്പം ഐപിഎല്‍ കിരീടം ചൂടിയ ലുങ്കി എന്‍ഗിഡിക്ക് അഭിനന്ദനം' എന്നായിരുന്നു ബോര്‍ഡിന്റെ കുറിപ്പ്. ഡുപ്ലെസിക്കൊപ്പം ഇമ്രാന്‍ താഹിറിനേയും അവഗണിക്കുന്നതായിരുന്നു ഇത്. ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഡുപ്ലെസിസിനേയും താഹിറിനേയും തഴഞ്ഞത് വിവാദമായിരുന്നു. ഇരുവരും ലോകകപ്പ് കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും ഒഴിവാക്കുകയായിരുന്നു. ഇതിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് ക്രിക്കറ്റ് ബോര്‍ഡ് പുതിയ പ്രശ്‌നത്തിന് തിരികൊളുത്തിയത്.

സംഭവത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് ഡുപ്ലെസിസും മുന്‍താരം ഡെയ്ല്‍ സ്റ്റെയ്‌നും രംഗത്തെത്തി. എന്‍ഗിഡിയെ അഭിനന്ദിച്ചുള്ള പോസ്റ്റിന് താഴെ 'ശരിക്കും' എന്ന് ഡുപ്ലെസിസ് കമന്റ് ചെയ്തു. 'തീര്‍ത്തും നിരാശജനകം'എന്നായിരുന്നു സ്റ്റെയ്‌നിന്റെ പ്രതികരണം. 

SOCIAL MEDIA

 Content Highlights: Cricket South Africa Not Wishing Faf du Plessis, Imran Tahir After CSK's IPL Triumph