Photo: PTI
തൃശ്ശൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തികസഹായം നിലച്ചതോടെ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് സംഘടനയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയ്ക്ക് പ്രതിവര്‍ഷം 10 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചിരുന്നത്. 2016-ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് സാമ്പത്തികസഹായത്തിന് മുന്‍കൈയെടുത്തത്.
എന്നാല്‍, 2019-20 വര്‍ഷത്തിനുശേഷം സഹായം ലഭിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ധനസഹായം പുനഃസ്ഥാപിക്കണമെന്ന് സംഘടനാഭാരവാഹികള്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ കാഴ്ചപരിമിതരുടെ 12 സ്കൂളുകളില്‍നിന്നും ക്രിക്കറ്റ് താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കാനും ജില്ല-സംസ്ഥാന ടൂര്‍ണമെന്റുകള്‍ നടത്താനും ദേശീയ ടൂര്‍ണമെന്റുകള്‍ക്ക് ടീമിനെ അയക്കാനുമാണ് സര്‍ക്കാരിന്റെ ഗ്രാന്റ് അസോസിയേഷന് ചെലവഴിച്ചിരുന്നത്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോ സംസ്ഥാന കായികവകുപ്പോ സംഘടനയ്ക്ക് അംഗീകാരം നല്‍കാത്തതോടെ ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ ദുരിതത്തിലാണ്. സ്പോര്‍ട്സ് കൗണ്‍സിലും വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതിയുമുണ്ട്.
ഈ സാഹചര്യത്തില്‍ ധനവകുപ്പ് സ്പോര്‍ട്സ് ഡയറക്ടറേറ്റ് വഴിയാണ് ഇവര്‍ക്ക് ഗ്രാന്റ് അനുവദിച്ചിരുന്നത്. നിലവില്‍ വനിത-പുരുഷ ടീമുകള്‍ക്ക് സ്വകാര്യകമ്പനികളാണ് സ്പോണ്‍സര്‍മാര്‍. എന്നാല്‍, ഇത് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പര്യാപ്തമല്ല. കോവിഡ് കാലത്ത് 150-ഓളം താരങ്ങള്‍ക്ക് മൂന്നു മാസത്തോളം തുടര്‍ച്ചയായി സാമ്പത്തികസഹായം അസോസിയേഷന് ലഭ്യമാക്കിയിരുന്നു. 2018-ലെ പ്രളയസമയത്ത് വാര്‍ഷിക ഗ്രാന്റ് തുകയായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനചെയ്തും ഇവര്‍ മാതൃകയായിരുന്നു.
പ്രവര്‍ത്തനമികവിന് അംഗീകാരങ്ങളേറെ
ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യക്ക് കീഴിലുള്ള അംഗീകൃത അസോസിയേഷനായ ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള 2012-ലാണ് രൂപവത്കരിച്ചത്. ലോക ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരവും അസോസിയേഷനുണ്ട്. മികച്ചപ്രവര്ത്തനത്തിലൂടെ 2020-ലെ മികച്ച ക്രിക്കറ്റ് അസോസിയേഷനുള്ള ദേശീയപുരസ്കാരവും കേരള അസോസിയേഷനെ തേടിയെത്തി.
സഹായം അനിവാര്യം
''ദേശീയ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിലേക്ക് മികച്ച താരങ്ങളെ സംഭാവനനല്കാന് അസോസിയേഷനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ മലയാളി താരങ്ങളുടെ പ്രകടനം നിര്‍ണായകമായിരുന്നു. പുതിയ കളിക്കാരെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും സാമ്പത്തികസഹായം അനിവാര്യമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷ.'' - രജനീഷ് ഹെന്‍ട്രി, ജനറല്‍ സെക്രട്ടറി, ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള.
Content Highlights: cricket organization for the visually impaired have been disrupted
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..