മലപ്പുറം: മുന്‍വര്‍ഷങ്ങിലെ നഷ്ടക്കണക്കുകളുടെ ഭാരം പേറിയാണ് പുതിയ സീസണിന് സെവന്‍സ് വാതില്‍ തുറന്നത്. കമ്മിറ്റികളുടെ മുഖത്ത് ചിരിപടര്‍ത്തി  ഇത്തവണ ലാഭം എത്തിത്തുടങ്ങി. വാണിയമ്പലത്തു നടന്ന ടൂര്‍ണമെന്റില്‍ ലാഭം 21 ലക്ഷം. എന്നാല്‍ ഈ ചിരി ദിവസങ്ങള്‍ക്കുള്ളില്‍ മാഞ്ഞു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റുകളെല്ലാം നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം വന്നതോടെ സെവന്‍സിന് പൂര്‍ണ അടച്ചിടലായി.

15 ടൂര്‍ണമെന്റുകള്‍ ഇതിനിടയില്‍ തീര്‍ന്നു. അഞ്ചു ടൂര്‍ണമെന്റുകളാണ് പ്രതിസന്ധിയിലായത്. പെരുമ്പാവൂര്‍, ഒറ്റപ്പാലം, പാണ്ടിക്കാട്, വളാഞ്ചേരി, സുല്‍ത്താന്‍ബത്തേരി. ഇതില്‍ പാണ്ടിക്കാടും വളാഞ്ചേരിയും സെമി വരെ എത്തിയിരുന്നു. പെരുമ്പാവൂരില്‍ രണ്ടും ഒറ്റപ്പാലത്ത് ഒരു കളിയുമാണ് ആകെ നടന്നത്. എട്ടു ചാമ്പ്യന്‍ഷിപ്പുകളാണ് നടത്താന്‍ ബാക്കിയുള്ളത്. അതില്‍ മണ്ണാര്‍ക്കാട്, എടപ്പാള്‍ എന്നിവിടങ്ങളില്‍ ഗാലറിനിര്‍മാണം പൂര്‍ത്തിയായി.

ഈ ടൂര്‍ണമെന്റുകളെല്ലാം നിര്‍ത്തുമ്പോള്‍ ഒരു ലക്ഷം മുതല്‍ 10 ലക്ഷത്തിനുമുകളില്‍ നഷ്ടം വരുമെന്നാണ് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ കണക്ക്. സംഘടനയ്ക്ക് മൊത്തം ഒരു കോടിക്കുമുകളില്‍ നഷ്ടം ചുമക്കേണ്ടിവരും. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സെവന്‍സ് കിക്കോഫ് നടത്താറ്. ലോക്ക്ഡൗണ്‍ 21 ദിവസം കഴിഞ്ഞ് അവസാനിച്ചാലും സെവന്‍സിന് രക്ഷ കാണുന്നില്ല. ഏപ്രില്‍ അവസാനം റംസാന്‍ വ്രതാരംഭം തുടങ്ങുന്നതോടെ സീസണ്‍ അവസാനിക്കും.

ആഫ്രിക്കന്‍ താരങ്ങളാണ് സെവന്‍സ് ടൂര്‍ണമെന്റിന്റെ ആകര്‍ഷണം. ഏപ്രില്‍ വരെയാണ് ആഫ്രിക്കന്‍ താരങ്ങളുടെ വിസ കാലാവധി. രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരങ്ങളും ആശങ്കയിലായിട്ടുണ്ട്.

Content Highlights: covid-19 sevens tournaments in crisis