ടോക്യോ: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷം നടക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് ടോക്യോ സംഘാടക സമിതി തലവന്‍ തോഷിറോ മുട്ടൊ പറഞ്ഞു.

നേരത്തെ കോവിഡ് ഭീഷണിമൂലം കാനഡയും ഓസ്‌ട്രേലിയയും പിന്‍മാറിയതിനു പിന്നാലെ ഈ വര്‍ഷത്തെ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. 2021 ജൂലായ് മുതല്‍ ഗെയിംസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴും വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാറ്റിവെച്ച തീയതിയും അനിശ്ചിതത്വത്തിലാണെന്ന് തോഷിറോ മുട്ടൊ പറഞ്ഞു.

''അടുത്ത ജൂലായ് മാസത്തോടെ ഈ പകര്‍ച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്ന വിശ്വാസം ആര്‍ക്കെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ഇക്കാരണത്താല്‍ തന്നെ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ സാധിക്കില്ല'', തോഷിറോ മുട്ടൊയെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജപ്പാനില്‍ രോഗബാധ വീണ്ടും ശക്തമാകുന്നതിനിടെയാണ് സംഘാടക സമിതി തലവന്റെ വാക്കുകള്‍. കഴിഞ്ഞ ദിവസം ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തലിനിടെയാണ് പ്രധാനമന്ത്രി ഷിന്‍സോ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് നീട്ടിവച്ച ടോക്യോ ഒളിമ്പിക്‌സ് ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെ നടത്താനായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്‌സിക്യൂട്ടിവ് ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്.

Content Highlights: covid 19 postponed Olympics not certain to go ahead in 2021 says Tokyo Games chief