ന്യൂഡല്‍ഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഇന്ത്യയിലെ മുന്‍നിര കായികതാരങ്ങളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന ചര്‍ച്ചയില്‍ 49 കായികതാരങ്ങള്‍ക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും പങ്കെടുത്തു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കായിക താരങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, വീരേന്ദര്‍ സെവാഗ്, എം.എസ് ധോനി, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, യുവ്‌രാജ് സിങ്, കെ.എല്‍. രാഹുല്‍ എന്നീ ക്രിക്കറ്റ് താരങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ഒളിമ്പ്യന്‍ പി.വി സിന്ധു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, വിശ്വനാഥന്‍ ആനന്ദ്, ഹിമ ദാസ്, ബോക്‌സിങ് താരം മേരി കോം, അമിത് പംഘല്‍, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഷൂട്ടിങ് താരം മനു ഭാകര്‍ എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.

ഓരോ താരത്തിനും സംസാരിക്കാന്‍ നിശ്ചിത സമയം നല്‍കിയായിരുന്നു ചര്‍ച്ച. ഇക്കൂട്ടത്തില്‍ 12 താരങ്ങള്‍ക്ക് മൂന്നു മിനിറ്റ് വീതം അനുവദിച്ചിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന സന്ദേശങ്ങള്‍ പങ്കുവെയ്ക്കണമെന്ന് പ്രധാനമന്ത്രി കായികതാരങ്ങളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights: COVID-19 PM Narendra Modi discusses situation with eminent sports personalities