വെല്ലിങ്ടണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി 2019 ലോകകപ്പ് ഫൈനലില്‍ ഉപയോഗിച്ച ജേഴ്‌സി സംഭാവന ചെയ്ത് ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഹെൻറി നിക്കോള്‍സ്.

ടീം അംഗങ്ങളെല്ലാം ഒപ്പിട്ട ജേഴ്‌സി യുണിസെഫിന്റെ പ്രാദേശിക ഘടകത്തിനാണ് നിക്കോള്‍സ് സംഭാവന ചെയ്തത്.

നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയതോടെ ബൗണ്ടറികളുടെ എണ്ണം അടിസ്ഥാനമാക്കി ഇംഗ്ലണ്ട് ജയിച്ച കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ കിവീസിന്റെ ടോപ് സ്‌കോററായിരുന്നു നിക്കോള്‍സ്.

ലേലം  അടക്കമുള്ള കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാണ് തനിക്ക് താത്പര്യമെന്നും നിക്കോള്‍സ് പറയുന്നു.

നേരത്തെ ഇംഗ്ലണ്ട് താരം ജോസ് ബട്ലര്‍ ലോകകപ്പ് ഫൈനലില്‍ ഉപയോഗിച്ച ജേഴ്സിക്ക് ലേലത്തിലൂടെ 65,000 പൗണ്ട് (ഏകദേശം 60 ലക്ഷം രൂപ) ലഭിച്ചിരുന്നു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലണ്ടനിലെ ആശുപത്രികളിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് ലോകകപ്പ് ജേതാവു കൂടിയായ താരം തന്റെ ജേഴ്സി ലേലത്തിന് വെച്ചത്.

Content Highlights: COVID-19 New Zealand’s Nicholls donates World Cup final shirt