കാളികാവ്: സെവന്‍സ് ഫുട്‌ബോളും വിദേശ താരങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ഉടനീളമുള്ള വിദേശ ഫുട്‌ബോള്‍താരങ്ങള്‍ കൊറോണ ഭീഷണികാരണം പട്ടിണിയിലേക്ക് നീങ്ങിയപ്പോള്‍ അവര്‍ക്ക് ഭക്ഷണമെത്തിച്ച് കളിക്കമ്പക്കാര്‍ ആ സ്‌നേഹം അറിയിച്ചു.

തീര്‍ത്തും ഒറ്റപ്പെട്ടുപോയ വിദേശ താരങ്ങളില്‍ പലരും പട്ടിണിയുടെ പിടിയിലാണ്. 'ഫുട്‌ബോള്‍ ചങ്ക്‌സ്' വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമൊരുക്കിയത്. സംസ്ഥാനത്ത് ഉടനീളം അംഗമുള്ള കൂട്ടായ്മയാണിത്.

മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, എറണാകുളം, വയനാട് ജില്ലകളിലായി ഇരുനൂറോളം വിദേശതാരങ്ങളുണ്ട്. കൊറോണക്കാലത്ത് എല്ലാവരും സ്വന്തം വീടുകളില്‍ ഒതുങ്ങിയപ്പോള്‍ പുറത്തുനിന്നെത്തിയ ഫുട്‌ബോള്‍ താരങ്ങളെ ആരും ഓര്‍ത്തില്ല. ഫെബ്രുവരിയില്‍ കളി നിലച്ചതോടെ വരുമാനമാര്‍ഗം മുടങ്ങി. ഇവര്‍ മുറിക്കുള്ളില്‍ അടച്ചിരിപ്പാണ്. ഭാഷാ പ്രശ്‌നമുള്ളതിനാല്‍ പ്രശ്‌നങ്ങള്‍ പറയാനും കഴിയുന്നില്ല.

ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, കാമറൂണ്‍, സെനഗല്‍, ഗിനിയ, സിറാലിയോണ്‍, ടോഗോ എന്നീ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് സംസ്ഥാനത്തുള്ളത്. ഏതാനും ചില കളിക്കാര്‍ക്കായിരുന്നു കൂട്ടായ്മ ഭക്ഷണം എത്തിച്ചുകൊടുത്തത്. ഭക്ഷണസാധനങ്ങള്‍ എത്തിയപ്പോള്‍ നിറകണ്ണുകളോടെ താരങ്ങള്‍ അത് ഏറ്റുവാങ്ങിയത്. ഇതറിഞ്ഞ മറ്റു കളിക്കാര്‍ വീഡിയോ കോള്‍ മുഖേന മുറിക്കുള്ളിലെ അവസ്ഥ കൂട്ടായ്മ പ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഭക്ഷണം എത്തിച്ചു.

പെരുമ്പാവൂര്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, ഉച്ചാരക്കടവ്, പെരിന്തല്‍മണ്ണ, കാളികാവ്, മലപ്പുറം, മഞ്ചേരി, കോഴിക്കോട് തുടങ്ങിയ മുഴുവന്‍ സെവന്‍സ് ടീമിലെ വിദേശ താരങ്ങള്‍ക്കും കൂടി ഭക്ഷണം എത്തിച്ചുകൊടുത്തു. നവംബറില്‍ കേരളത്തിലെത്തിയ താരങ്ങള്‍ മേയിലാണ് മടങ്ങേണ്ടത്.

പ്രതിസന്ധി നീങ്ങുന്നതുവരെ വിദേശതാരങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. ബാബുമോന്‍ പള്ളിശ്ശേരി, ഷൈജല്‍ വാണിയമ്പലം, സുഹൈല്‍ പള്ളിശ്ശേരി, സഹീര്‍ ബാവ, ജംഷീര്‍ ദോസ്ത്, നാസര്‍ വേങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: covid-19 football lovers feeding foreign players