ബെംഗളൂരു: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പാചകക്കാരന്‍ കോവിഡ് ബാധിതനാണെന്ന് പരിശോധനാ ഫലം വന്നതോടെ ബെംഗളൂരു സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) കേന്ദ്രത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മലയാളികളടക്കമുള്ള താരങ്ങളും ജീവനക്കാരും നിരീക്ഷണത്തിലാണ്.

ഇന്ത്യന്‍ ഹോക്കിതാരം പി.ആര്‍. ശ്രീജേഷ്, ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍ തുടങ്ങിയ താരങ്ങളടക്കം ഇവിടെ പരിശീലിക്കുന്നുണ്ട്. മരിച്ച പാചകക്കാരന്‍ ചൊവ്വാഴ്ച സായിയില്‍നടന്ന യോഗത്തിനെത്തിയിരുന്നു. 25 മുതല്‍ 30 വരെ ആളുകള്‍ പങ്കെടുത്ത ഈ യോഗത്തിനെത്തിയ എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സായ് വൃത്തങ്ങള്‍ അറിയിച്ചു.

പരിശോധനകള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ക്യാമ്പസിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരിക്കുകയായിരുന്നു. അടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ സാമ്പിള്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.

ടോക്കിയോ ഒളിമ്പിക്സിനായി പരിശീലനം നടത്തുന്ന ഇന്ത്യന്‍ പുരുഷ - വനിതാ ഹോക്കി സ്‌ക്വാഡുകളും അത്ലറ്റിക്സ് സ്‌ക്വാഡിലെ പത്തോളം അംഗങ്ങളും ഈ കേന്ദ്രത്തിലുണ്ട്. 15-ഓളം സായി ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും കാമ്പസില്‍ താമസിക്കുന്നുണ്ട്.

Content Highlights: cook passed away and later tested positive for Covid-19 SAI Centre total lockdown