കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ നിയമനടപടിയുമായി ചെന്നൈയ്ന്‍ എഫ്.സി താരം സി.കെ വിനീത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് സി.കെ വിനീത് എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. 

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ- ബ്‌ളാസ്റ്റേഴ്‌സ് മത്സരത്തിനിടയില്‍ സി.കെ വിനീത് ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മാച്ച് കമ്മീഷണര്‍ സി.കെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ട്.  കേരള ബ്‌ളാസ്റ്റേഴ്‌സ ആരാധക കൂട്ടായമയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് വിനീത് പരാതി നല്‍കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് ഇപ്പോള്‍ വായ്പാ അടിസ്ഥാനത്തില്‍ ചെന്നൈയിന്‍ എഫ്.സിക്ക് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലെത്തിയിരുന്നു.

വിനീത് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം

17.02.2019

ബഹുമാനപെട്ട എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അവര്‍കള്‍ മുമ്പാകെ സി.കെ.വിനീത് ബോധിപ്പിക്കുന്ന പരാതി. 

സര്‍,
ഫുട്‌ബോള്‍ പ്ലെയറായ ഞാന്‍ നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ Chennayyian FC എന്ന ടീമിന് വേണ്ടി കളിച്ചുവരുന്നു. 

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി കൊച്ചി JLN സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിനിടയില്‍ ഒരു ബോള്‍ ബോയിയോട് ഞാന്‍ അപമര്യാദയായി പെരുമാറിയെന്ന നിലയിലും തദ്വാര എന്നെ പൊതുജനമധ്യത്തില്‍ അവഹേളിക്കുവാനുദ്ദേശിച്ചുമുള്ള വ്യാജ പ്രചരണങ്ങള്‍ വോയ്സ് ക്ലിപ്പ് ഉള്‍പ്പെടെയുള്ള പോസ്റ്റുകളിലൂടെ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നീ സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ ചില തത്പ്പരകക്ഷികള്‍ പ്രചരിപ്പിച്ചു വരുന്നു. ആയതിന്റെ ലഭ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു. 

എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍, പ്രസ്തുത പ്രചരണത്തിന്റെ മൂലശ്രോതസ്സ് 'മഞ്ഞപ്പട' എന്ന പേരിലുള്ള വിവിധ വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും ആണ്. 'മഞ്ഞപ്പട എക്‌സിക്യൂട്ടീവ്' എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനും പ്രസ്തുത സംഘടനയുടെ എറണാകുളം ജില്ലാ അധ്യക്ഷനുമായ ശ്രീ. പ്രഭുവിനെകുറിച്ച് ഒരു വോയ്സ് ക്ലിപ്പില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

ആയതിനാല്‍, സമക്ഷപത്തില്‍ ദയവുണ്ടായി എത്രയും വേഗം ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. 

വിശ്വസ്ഥതയോടെ,
സി.കെ.വിനീത്

Content Highlights: CK Vineeth Files Complaint Against Kerala Blasters Football