ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ജമൈക്കയിലേക്ക് കോവിഡ് വാക്‌സിന്‍ എത്തിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ജമൈക്കക്കാരനായ ഗെയ്ല്‍ ഒരു വീഡിയോയിലൂടെയാണ് ഇന്ത്യയ്ക്കും മോദിയ്ക്കും നന്ദിയറിയിച്ചത്.

ഗെയ്‌ലിന്റെ ജന്മദേശമായ ജമൈക്കയിലേക്ക് 50000 ഡോസ് വാക്സിനാണ് ഇന്ത്യയില്‍ നിന്നും അയച്ചത്. ഗെയ്‌ലിനെക്കൂടാതെ മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരമായ ആന്ദ്രെ റസ്സലും ഇന്ത്യയോടുള്ള കടപ്പാട് അറിയിച്ചിരുന്നു. 

'ഞങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതിന് പ്രധാനമന്ത്രി മോദിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും രാജ്യത്തെ ജനങ്ങളോടും നന്ദിയറിയിക്കുന്നു. ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കുന്നു' 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ഗെയ്ല്‍ പറഞ്ഞു. ജമൈക്കയിലുള്ള ഇന്ത്യന്‍ ഹൈ കമ്മീഷനാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. 

ജമൈക്കയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ആര്‍ മസാകുയിയെ ഗെയ്ല്‍ നേരിട്ട് ചെന്ന് കണ്ടിരുന്നു. ഇതിനുശേഷമാണ് വീഡിയോ എടുത്തത്. ബുധനാഴ്ച ആന്ദ്രെ റസ്സലും ഈ മാസം ആദ്യം ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോല്‍നെസ്സും ഇന്ത്യ ഗവണ്‍മെന്റിനോടുള്ള നന്ദി ഔദ്യോഗികമായി അറിയിച്ചിരുന്നു. 

Content Highlights: Chris Gayle Says Thank You To PM Modi For Vaccines