സെന്റ് ലൂസിയ: ഐ.പി.എല്ലിനിടെ വംശീയാധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തിയ വെസ്റ്റിൻഡീസിന്റെ മുൻ ക്യാപ്റ്റൻ ഡാരെൻ സമിക്ക് പിന്തുണയുമായി സഹതാരം ക്രിസ് ഗെയ്ൽ. 2013-14 കാലഘട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനായി കളിക്കുമ്പോഴാണ് സമിയെ കാണികളും സഹതാരങ്ങളും വംശീയമായി അധിക്ഷേപിച്ചത്. 'കാലു' എന്നു വിളിച്ചുള്ള ഈ അധിക്ഷേപം അന്ന് തനിക്ക് മനസ്സിലായില്ലെന്നും ആ വാക്കിന്റെ അർഥം ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സമി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗെയ്ൽ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പിന്തുണ അറിയിച്ചത്.

ഈ പോരാട്ടം തുടരണമെന്നും സമയം ഒട്ടുംവൈകിയിട്ടില്ലെന്നും ഗെയ്ൽ ട്വീറ്റ് ചെയ്തു. 'ഇക്കാലമത്രയും നേരിട്ട മോശം അനുഭവങ്ങൾക്കെതിരേ പോരാടാനുള്ള സമയമാണിത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ മാന്യൻമാരുടെ കളിയായ ക്രിക്കറ്റിലും വംശീയാധിക്ഷേപമുണ്ട്. അതു സത്യമാണ്.' ഗെയ്ൽ ട്വീറ്റിൽ പറയുന്നു.

നേരത്തെ വംശീയാധിക്ഷേപം വെളിപ്പെടുത്തിയതിന് പിന്നാലെ അതിനു പിന്നിലുള്ള താരങ്ങളെ സമി വെല്ലുവിളിച്ചിരുന്നു. തന്നെ വിളിച്ച് സംസാരിക്കണമെന്നും അന്നത്തെ സംഭവത്തിന് മാപ്പ് പറയണമെന്നും സമി ആവശ്യപ്പെട്ടിരുന്നു. അതല്ലെങ്കിൽ 'കാലു' എന്ന വാക്കിന് സ്നേത്തോടെയുള്ള മറ്റൊരു അർഥമുണ്ടെന്ന് തന്നെ ബോധ്യപ്പെടുത്താനാകണമെന്നും സമി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ആരാധകർ ഇഷാന്ത് ശർമയുടെ പഴയൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് കുത്തിപ്പൊക്കുകയും ചെയ്തു. ഈ ചിത്രത്തിൽ സമിയും ഇഷാന്തും ഭുവനേശ്വർ കുമാറും ഡെയ്ൽ സ്റ്റെയ്നുമാണുള്ളത്. ഈ ചിത്രത്തിന് കൊടുത്തിട്ടുള്ള അടിക്കുറിപ്പിൽ ഇഷാന്ത് സമിയെ വിശേഷിപ്പിച്ചത് 'കാലു' എന്നാണ്. സൺറൈസേഴ്സ് ഹൈദരാബാദിൽ ഒരുമിച്ചു കളിക്കുമ്പോഴുള്ള ഫോട്ടോയാണിത്. ഇതോടെ സമിയെ അധിക്ഷേപിച്ചവരിൽ ഇഷാന്തും ഉൾപ്പെടുന്നുണ്ടെന്ന് ആരാധകർ പറയുന്നു.

Content Highlights:  Chris Gayle Backs Darren Sammys Racism Allegation