കാന്‍ബറ: മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്ക് തിരിച്ചുനടന്ന് ന്യൂസീലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു താരം. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കെയ്ന്‍സിന്റെ കാലുകള്‍ തളര്‍ന്നിരുന്നു. 

ഇപ്പോള്‍ വീല്‍ചെയറിലുള്ള തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പഴയ കിവീസ് താരം. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറിയിലെ ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കാലുകളുടെ ചലനശേഷി തിരിച്ചുലഭിക്കുന്നതിനായി ആശുപത്രിയിലെ തെറാപ്പിക്ക് വിധേയമാകുന്നതിന്റെ ചിത്രമാണ് പങ്കുവെച്ചത്. 

നിരവധി ആധാകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പ്രിയതാരത്തെ വീല്‍ചെയറില്‍ കാണേണ്ടി വന്നതിന്റെ സങ്കടം ചിലര്‍ കമന്റ് ചെയ്തു. പൂര്‍ണ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചുവരാന്‍ പെട്ടെന്ന് കഴിയട്ടെയെന്നും ആരാധകര്‍ ആശംസിക്കുന്നു. 

ഓഗസ്റ്റിന്റെ തുടക്കത്തിലാണ് 51-കാരനായ കെയ്ന്‍സിന്റെ ആരോഗ്യനില വഷളായത്. ഹൃദയ ധമനികള്‍ പൊട്ടിയുള്ള രക്തസ്രാവത്തെ തുടര്‍ന്ന് ആദ്യം കാന്‍ബറയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് സിഡ്‌നിയിലേക്ക് മാറ്റി. അവിടെ നടത്തിയ ഹൃദയ ശസ്ത്രക്രിയക്കിടെ നട്ടെല്ലില്‍ സ്‌ട്രോക്കുണ്ടായി. ഇതോടെ കെയ്ന്‍സിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.

2010-ല്‍ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ന്‍സ് ഓസ്ട്രേലിയയിലാണ് സ്ഥിരതാമസം. ന്യൂസീലന്റിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000-ത്തില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി.

Content Highlights: Chris Cairns' fight to leave wheelchair and walk after heart surgery, spinal stroke