ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വെച്ചുനടക്കുന്ന ഷൂട്ടിങ് ലോകകപ്പിലെ 25 മീറ്റര്‍ പിസ്റ്റള്‍ മത്സരത്തിലെ മൂന്ന് മെഡലുകളും സ്വന്തമാക്കി ഇന്ത്യ. ഈ ഇനത്തില്‍ ചിങ്കി യാദവ് സ്വര്‍ണം നേടി. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ വെച്ചാണ് മത്സരം നടന്നത്.

ഫൈനലില്‍ ഇന്ത്യയുടെ തന്നെ രാഹി സര്‍ണോബാത്തിനെ കീഴടക്കിയാണ് 23 കാരിയായ ചിങ്കി യാദവ് സ്വര്‍ണം നേടിയത്. രാഹി വെള്ളി മെഡല്‍ സ്വന്തമാക്കി. 19 കാരിയായ മനു ഭേക്കര്‍ ഈയിനത്തിലെ വെങ്കല മെഡല്‍ സ്വന്തമാക്കി. 

ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇന്ത്യ ഒരിനത്തിലെ മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്. ഈ നേട്ടത്തോടെ ഇന്ത്യയുടെ സ്വര്‍ണമെഡലുകളുടെ എണ്ണം ഒന്‍പതായി. ഈ മൂന്ന് ഷൂട്ടര്‍മാരും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുമുണ്ട്. 

Content Highlights: Chinky Yadav wins gold as India claim all three medals in women's 25m pistol in ISSF World Cup