ഹാമില്‍ട്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതിലും മനോഹരമായി മറ്റൊന്നുമില്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഏകദിന, ട്വന്റി-20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നതാണെന്നും പൂജാര പറയുന്നു. 

കളിക്കാന്‍ ഏറ്റവും ദുര്‍ഘടമായ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ ലോകചാമ്പ്യന്‍മാരാകുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. ഹോം മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും. എന്നാല്‍ എവേ മത്സരങ്ങള്‍ വെല്ലുവിളിയാണ്. വിദേശത്ത് മികച്ച രീതിയില്‍ കളിക്കാനും പരമ്പര നേടാനും ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ കഴിയുന്നുണ്ട്. പൂജാര കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനായി ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ഐ.സി.സിയെ പൂജാര അഭിനന്ദിക്കുകയും ചെയ്തു. ടെസ്റ്റിന്റെ നിലനില്‍പിനായുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണിത്. സമനിലകള്‍ ഇപ്പോള്‍ വിരളമാണ്. മിക്ക മത്സരങ്ങള്‍ക്കും ഫലമുണ്ടാകാറുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനായി ഏറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും പൂജാര വ്യക്തമാക്കി. 

Content Highlights: Cheteshwar Pujara On Winning ICC World Test Championship