ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം | Photo: Twitter/@TheRealPCB
ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലെ എട്ട് സിസിടിവി ക്യാമറകള്‍ മോഷണം പോയി. ഇതിനൊപ്പം മോഷ്ടാക്കള്‍ ജനറേറ്ററിന്റെ ബാറ്ററികളും ഫൈബര്‍ കേബിളുകളും കൂടി മോഷ്ടിച്ചു. പാകിസ്താന്‍ മാധ്യമമായ എആര്‍വൈ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ലാഹോര്‍ ക്വലാന്‍ഡേഴ്‌സും പെഷവാര്‍ സാല്‍മിയും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു മോഷണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിഎസ്എല്‍ മത്സരങ്ങളുടെ ഭാഗമായി അധിക സുരക്ഷയ്ക്കായി സ്ഥാപിച്ചവയാണ് മോഷ്ടിക്കപ്പെട്ട സിസിടിവി ക്യാമറകള്‍. 2009-ല്‍ ഗദ്ദാഫി സ്റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ലാഹോറില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അതീവ സുരക്ഷയിലാണ് നടത്തപ്പെടുന്നത്. ഇത്തരം സുരക്ഷയുടെ ഭാഗമായാണ് അധിക ക്യാമറകള്‍ സ്ഥാപിച്ചതും. 2009-ലെ ആക്രമണത്തില്‍ ആറ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും രണ്ട് സാധാരണ പൗരന്‍മാര്‍ക്കും ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു.
Content Highlights: CCTV cameras stolen from Lahore Gaddafi Stadium in psl match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..