വോളിബോളിൽ അഖിലേന്ത്യാ കിരീടം തിരിച്ചുപിടിച്ച കാലിക്കറ്റ് സർവകലാശാല പുരുഷ ടീം | Photo: facebook.com/sakeer.hussain
ഭുവനേശ്വര്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം വോളിബോളില്‍ അഖിലേന്ത്യ കിരീടം തിരിച്ചുപിടിച്ച് കാലിക്കറ്റ് സര്‍വകലാശാല പുരുഷ ടീം. അന്തഃസര്‍വകലാശാല ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കുരുക്ഷേത്ര സര്‍വകലാശാലയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കപ്പുയര്‍ത്തി (21-25, 25-15, 25-20, 25-22). വനിതാവിഭാഗത്തില്‍ എം.ജി. സര്‍വകലാശാല മൂന്നാം സ്ഥാനം നേടി.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് കാലിക്കറ്റ് വിജയത്തിലേക്ക് എത്തിയത്. 1989 ലാണ് ഇതിന് മുമ്പ് ടീം ചാമ്പ്യന്‍മാരായത്. ഇത്തവണ ദക്ഷിണ മേഖലയില്‍ മൂന്നാം സ്ഥാനമാണ് കാലിക്കറ്റിനുണ്ടായിരുന്നത്.
കിരീടപ്പോരാട്ടത്തില്‍ ഐബിന്‍ ജോസ്, അശ്വിന്‍ രാഗ്, നിസാം, ദീക്ഷിത് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് കാലിക്കറ്റിനെ ജയത്തിലെത്തിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗുരുനാനാക് ദേവ് അമൃത്സര്‍, രാജസ്ഥാന്‍, ബര്‍ദ്വാന്‍ സര്‍വകലാശാലകളെ തോല്‍പ്പിച്ച കാലിക്കറ്റ് ക്വാര്‍ട്ടറില്‍ പഞ്ചാബ് സര്‍വകലാശാലയേയും സെമിയില്‍ എസ്.ആര്‍.എം സര്‍വകലാശാലയേയും തോല്‍പ്പിച്ചു. കോഴിക്കോട് സെയ്ന്റ് ജോസഫ് ദേവഗിരി കോളേജിലെ ജോണ്‍ ജോസഫാണ് ടീമിനെ നയിച്ചത്. ലിജോ ജോണ്‍, വിനീഷ് കുമാര്‍, സി.വി.നജീബ് എന്നിവരാണ് ടീമിനെ പരിശീലീപ്പിച്ചത്. അഹമ്മദ് ഫായിസാണ് മാനേജര്‍.
ടീം: ജോണ്‍ ജോസഫ്, നിസാം, ദീക്ഷിത്, അമല്‍ ആനന്ദ് (സെന്റ് ജോസഫ് ദേവഗിരി), ജെനിന്‍, നാസിഫ് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), അശ്വിന്‍ രാഗ്, ജിഷ്ണു (സഹൃദയ കോളേജ്, കൊടകര), റോണി സെബാസ്റ്റ്യന്‍ ( എസ്.എന്‍. കോളേജ് ചേളന്നൂര്‍), ഐബിന്‍ ജോസ് (അസ്മാബി കോളേജ് കൊടുങ്ങല്ലൂര്‍), കെ.കെ. ദില്‍ഷന്‍ (ഇ.എം.ഇ.എ. കോളേജ്, കൊണ്ടോട്ടി).
വനിതാവിഭാഗം ലൂസേഴ്സ് ഫൈനലില്‍ എം.ജി മൈസൂരുവിനെ തോല്‍പ്പിച്ചു (2523,1925,2520,2523). ആദ്യ സെറ്റ് നേടിയ എം.ജി.ക്കെതിരെ രണ്ടാം സെറ്റില്‍ മൈസൂരു ശക്തമായി തിരിച്ചുവന്നു. എന്നാല്‍ പതറാതെ പൊരുതിയ എം.ജി വിജയത്തിലേക്കെത്തി. എസ്.ആര്‍.എം. സര്‍വകലാശാലയാണ് ചാമ്പ്യന്മാര്‍.
Content Highlights: calicut won all-India inter-university men s volleyball title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..