സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖ്വാജയുടെ സഹോദരന്‍ അര്‍സലന്‍ ഖ്വാജ അറസ്റ്റില്‍. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന മാല്‍ക്കോം ടേണ്‍ബുള്ളിനെ വധിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്ന എന്ന പേരില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതാണ് അര്‍സലന്റെ പേരിലുള്ള കേസ്. ന്യൂ സൗത്ത്  വെയ്ല്‍സ് യൂണിവേഴ്‌സിറ്റിയില്‍ കൂടെ പഠിച്ച കമര്‍ നിസാമുദ്ദീന്‍ മാല്‍ക്കോമിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു എന്നായിരുന്നു അര്‍സലന്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചത്. ഒരു പ്രണയബന്ധത്തിന്റെ പേരിലുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനായിരുന്നു ഇത്. 

തുടര്‍ന്ന് നിസാമുദ്ദീനെ പോലീസ് കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 30ന് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കണ്ടെടുത്ത ഒരു നോട്ടുപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ അറസ്റ്റ്. സിഡ്‌നി ഓപ്പറ ഹൗസില്‍ വെച്ച് മാല്‍ക്കോമിനെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ചാണ് ആ നോട്ട്പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നത്.

എന്നാല്‍ ഇതിലുള്ള കൈയക്ഷരം പരിശോധിച്ചപ്പോള്‍ നിസാമുദ്ദീന്റേതല്ലെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ നിസാമുദ്ദീനെതിരെയുള്ള കേസ് പോലീസ് റദ്ദാക്കി. അര്‍സലന്‍ ഖ്വാജ തന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണെന്ന് കണ്ടെത്തിയ പോലീസ് അര്‍സലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

രണ്ടു പേരും ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ടെന്നും ഈ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തര്‍ക്കമാണ് ഇങ്ങനെയൊരു കേസിലേക്ക് എത്തിച്ചതെന്നും സിഡ്‌നി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ മിക്ക് വില്ലിങ് വ്യക്തമാക്കി. നിസാമുദ്ദീനെ അറസ്റ്റ് ചെയ്തതില്‍ ഖേദിക്കുന്നുവെന്നും അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചയില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വില്ലിങ് വ്യക്തമാക്കി. 

കോടതിയില്‍ ഹാജരാക്കിയ ഖ്വാജയെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. 35 ലക്ഷം രൂപ ജാമ്യത്തുകയില്‍ യൂണിവേഴ്‌സിറ്റിയുടെ 100 മീറ്ററിനപ്പുറം യാത്ര ചെയ്യരുതെന്ന നിര്‍ദേശത്തോട് കൂടിയാണ് ജാമ്യം.

Content Highlights: Brother of Australian cricketer Usman Khawaja framed love rival with terror plot