Photo: ANI
ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങളുടെ ആരോപണം നേരിടുന്ന ഗുസ്തി സംഘടനാനേതാവ് ബ്രിജ് ഭൂഷണ് ശരണ്‍സിങ്ങിന് വിവാദങ്ങള്‍ പുത്തരിയല്ല. റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ.) പ്രസിഡന്റും ബി.ജെ.പി.യുടെ ലോക്സഭാംഗവുമായ സിങ്ങിന്റെ കഴിഞ്ഞകാല ചരിത്രത്തില്‍ വധശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകള്‍ ഏറെ. അയോധ്യയിലെ രാമജന്മഭൂമി വിഷയത്തില്‍ പ്രമുഖ നേതാവായിരുന്ന സിങ് ബാബറി മസ്ജിദ് പൊളിച്ച കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് കേസില്‍ കുറ്റവിമുക്തനാക്കി.
ഗുണ്ടാത്തലവന് ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിനെ കൊലപ്പെടുത്തിയ സംഘത്തെ ഒളിവില്‍ക്കഴിയാന്‍ സഹായിച്ചെന്ന പേരില്‍ ഭീകരവാദ നിരോധന നിയമം (ടാഡ) ചുമത്തിയും സിങ്ങിന്റെ പേരില്‍ കേസുണ്ടായിരുന്നു. ഈ കേസിലും കോടതി കുറ്റവിമുക്തനാക്കി. 2021 ഡിസംബറില്‍ കായികതാരത്തെ വേദിയില്‍വെച്ച് പരസ്യമായി തല്ലിയത് വലിയ വിവാദമായിരുന്നു. ചെറുതായി തൊട്ടതാണെന്നും ശക്തിയില്‍ തല്ലിയിരുന്നെങ്കില്‍ താരം ദൂരെ വീണേനെയെന്നുമായിരുന്നു ഗുസ്തിതാരംകൂടിയായ സിങ് അന്നു ന്യായീകരിച്ചത്.
നിയമബിരുദധാരിയായ ഈ 66-കാരന് ഉത്തര്‍പ്രദേശിലെ ഗോണ്ട, അയോധ്യ തുടങ്ങിയ ജില്ലകളില്‍ സ്വാധീനമുള്ളയാളാണ്. ബി.ജെ.പി. ടിക്കറ്റില്‍ യു.പി.യിലെ കൈസര്‍ഗഞ്ചില്‍നിന്നുള്ള ലോക്സഭാംഗമായ അദ്ദേഹം ആറുതവണ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1991-ലാണ് ആദ്യം ലോക്സഭാംഗമായത്. 2004-ല്‍ ഗോണ്ട ജില്ലാ അസോസിയേഷന്റെ പ്രസിഡന്റായാണ് ഗുസ്തി സംഘടനാരംഗത്തെ പ്രവേശനം. 2008-ല്‍ ഉത്തര്‍പ്രദേശ് റെസ്ലിങ് അസോസിയേഷന് പ്രസിഡന്റായി. 2012-ല്‍ ദേശീയ ഫെഡറേഷന്റെ തലപ്പത്തെത്തി.
Content Highlights: Brij Bhushan Sharan Singh always a controversial hero
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..