ടോക്യോ: ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെതിരേ നടപടിയെടുക്കുമെന്ന് ബ്രസീലിയന്‍ ഒളിമ്പിക് കമ്മിറ്റി. മെഡല്‍ദാന ചടങ്ങില്‍ ടീമിന്റെ ഔദ്യോഗിക ഒളിമ്പിക് യൂണിഫോം ധരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്. ടീമംഗങ്ങളുടേയും ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റേയും മനോഭാവത്തേയും ഒളിമ്പിക് കമ്മിറ്റി അപലപിച്ചു. കരുത്തരായ സ്‌പെയ്‌നിനെ മറികടന്നാണ് ബ്രസീല്‍ ഫുട്‌ബോളില്‍ സ്വര്‍ണം നിലനിര്‍ത്തിയത്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ബ്രസീല്‍ താരങ്ങളോട് നേരത്തെതന്നെ അറിയിച്ചതാണ്. ചൈനീസ് കമ്പനി ആയ പീക് സ്‌പോര്‍ട്‌സ് ആണ് ഈ യൂണിഫോമിന്റെ നിര്‍മ്മിതാക്കാള്‍. എന്നാല്‍ നൈക്കിയുടെ ജഴ്‌സി അണിഞ്ഞാണ് ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങള്‍ പോഡിയത്തില്‍ എത്തിയത്. ജാക്കറ്റുകള്‍ അരക്കെട്ടിന് ചുറ്റും കെട്ടുകയും ചെയ്തു. പാന്റ്‌സ് മാത്രമാണ് ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായിരുന്നത്. 

ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നിര്‍ദേശങ്ങളാണ് തങ്ങള്‍ പിന്തുടര്‍ന്നത് എന്നായിരുന്നു താരങ്ങളുടെ പ്രതികരണം. എന്നാല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മൗനം പാലിക്കുകയാണ്. 

അതേസമയം ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരേ ബ്രസീലിയന്‍ നീന്തല്‍ താരം ബ്രൂണോ ഫ്രാറ്റസ് രംഗത്തെത്തി. ബ്രസീലിന്റെ ഒളിമ്പിക് സംഘത്തില്‍ നിന്ന് വേറിട്ടാണ് ഫുട്‌ബോള്‍ കളിക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളതെന്നും ഒളിമ്പിക് സംഘത്തിന്റെ ഭാഗമാണ് എന്ന് അവര്‍ക്ക് തോന്നാറില്ലെന്നും ബ്രൂണോ വ്യക്തമാക്കുന്നു. നീന്തലില്‍ വെങ്കലം നേടിയ ബ്രൂണോ ട്വീറ്റ് ചെയ്തു. 2012 ലണ്ടന്‍, 2016 റിയോ ഒളിമ്പിക്‌സുകളില്‍ നൈക്കിയുടെ യൂണിഫോമാണ് ബ്രസീല്‍ താരങ്ങള്‍ ധരിച്ചിരുന്നത്.

Content Highlights: Brazil Olympic Committee to take action against men's football team